പൂരം: ഘടകക്ഷേത്ര പ്രതിനിധികൾക്ക് വാക്സീൻ; ഇടപെടൽ

pooram-meet
SHARE

തൃശൂർ പൂരത്തിന്റെ പങ്കാളികളായ എട്ടു ഘടകക്ഷേത്രങ്ങളിലേയും ഇരുന്നൂറു പേർക്കു വീതം കോവിഡ് വാക്സീൻ നൽകാൻ തീരുമാനമായി. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താൻ സാമ്പത്തിക അവസ്ഥയില്ലെന്ന ഘടകക്ഷേത്രങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് ജില്ലാ ഭരണകൂടം ഇടപ്പെട്ടത്.  

ഓരോ ഘടകക്ഷേത്രങ്ങളും നൂറു പേരടങ്ങുന്ന മേളത്തിന് എൺപതിനായിരം രൂപ വരെയാണ് നൽകാറുള്ളത്. ഇതിനേക്കാൾ വലിയ തുക ആർ.ടി.പി.സി.ആർ ടെസ്റ്റിനായി നൽകി പൂരത്തിൽ പങ്കെടുക്കുക അസാധ്യമാണെന്ന് ഘടകക്ഷേത്രങ്ങൾ വ്യക്തമാക്കി. മാത്രവുമല്ല, അൻപതു പേർക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. ഈ നിബന്ധന നീക്കി. വാക്സീൻ സർട്ടിഫിക്കറ്റുള്ള ആർക്കും പൂരത്തിൽ പങ്കെടുക്കാം. ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള ആർക്കും പങ്കെടുക്കാം. സർക്കാർ ചെലവിൽ ഓരോ ഘടകക്ഷേത്രങ്ങളിലെ ഇരുന്നൂറു പേർക്കു വീതവും സൗജന്യമായി വാക്സീൻ നാളെ തൊട്ട് നൽകും. ഇവർക്ക് ഈ സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. ജില്ലാ കലക്ടർ എസ്.ഷാനവാസ്, ഘടകക്ഷേത്ര ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം. ഘടകക്ഷേത്രങ്ങൾ ഇത് അംഗീകരിച്ചു. 

പൂരം കാണാൻ വരുന്നവർ ഏപ്രിൽ ഇരുപതിന് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഇരുപത്തിയൊന്നിന് ലഭിക്കുന്ന സർട്ടിഫിക്കറ്റുമായി പൂരപറമ്പിൽ എത്താം. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. ആദ്യത്തെ ഡോസ് വാക്സീൻ എടുത്തവർക്ക് അതിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ പൂരം കാണാം. രണ്ടു ഡോസ് വാക്സീൻ നിർബന്ധമില്ല. നഗരത്തിലേക്കുള്ള എല്ലാ വഴികളിലും സർട്ടിഫിക്കറ്റ്  പരിശോധനയ്ക്കായി പൊലീസ് നിലയുറപ്പിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...