മുഖ്യമന്ത്രി മടങ്ങിയത് കോവിഡ് പോസിറ്റീവായ ഭാര്യയ്ക്കൊപ്പം; മടക്കയാത്രയിലും വിവാദം

pinarayi-wife
കോവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു കാറിൽ മടങ്ങുന്നു. കമല നിലവിൽ കോവിഡ് ബാധിതയാണ്. ചിത്രം: അബു ഹാഷിം∙മനോരമ
SHARE

കണ്ണൂർ/കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുൾപ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർ പിപിഇ കിറ്റ് ധരിക്കാതെ മാസ്ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാൻ ഒട്ടേറെപ്പേർ ആശുപത്രിയിലെത്തുകയും ചെയ്തു.

പോസിറ്റീവായി 10–ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7–ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചർച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രിൽ 4 മുതൽ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വിശദീകരിച്ചതു കൂടുതൽ വിവാദമായി. ഏപ്രിൽ നാലിനു ധർമടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്ഷോയിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ഏപ്രിൽ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രിൽ എട്ടിനാണ് കോവി‍ഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സർക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്നും മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുമാകട്ടെ ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി.

MORE IN KERALA
SHOW MORE
Loading...
Loading...