പുലർച്ചെ നടുറോഡിൽ യുവതിക്കു വെട്ടേറ്റു; വധശ്രമം പരീക്ഷയ്ക്കു പോകുമ്പോൾ: ദുരൂഹത

crime-rep
പ്രതീകാത്മക ചിത്രം
SHARE

പാലാ ∙ പുലർച്ചെ റോഡിലൂടെ നടന്നുപോയ യുവതിക്കു വെട്ടേറ്റു. സംഭവത്തിൽ  ഓട്ടോഡ്രൈവർ പൊലീസ് കസ്റ്റഡിയിലെന്നു സൂചന. വെള്ളിയേപ്പള്ളി വലിയമലയ്ക്കൽ റ്റിന്റു മരിയ ജോണിനാണ് (26) തലയ്ക്കു വെട്ടേറ്റത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന റ്റിന്റു അപകടനില തരണം ചെയ്തു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു റ്റിന്റു. അധികം ദൂരം എത്തുന്നതിനു മുൻപായിരുന്നു ആക്രമണമെന്ന് പാലാ എസ്എച്ച്ഒ സുനിൽ തോമസ് പറഞ്ഞു.

മൂർച്ചയുള്ള ആയുധം കൊണ്ട് തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.  മുറിവേറ്റു റോഡിൽ കിടന്ന റ്റിന്റുവിനെ പ്രഭാതസവാരിക്കിറങ്ങിയവരാണു കണ്ടത്. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. കൂട്ടൂകാർക്കൊപ്പം പരീക്ഷയ്ക്കു പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ റ്റിന്റുവിനെ ആരോ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് അമ്മ മോളിക്കുട്ടി നൽകിയ പരാതിയെത്തുടർന്നാണ്  കേസ് എടുത്തിരിക്കുന്നത്. 

സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. അമ്മയും രണ്ടു സഹോദരിമാരുമൊത്ത് സമീപകാലത്ത് വെള്ളിയേപ്പള്ളിയിൽ വാടകയ്ക്കു താമസിക്കുകയാണ് റ്റിന്റു. ഏറ്റുമാനൂർ സ്വദേശികളാണ് ഇവർ. റ്റിന്റുവിന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പ്രതി കടപ്പാട്ടൂർ സ്വദേശിയാണെന്നാണു സൂചന. 

English Summary: Woman attacked in Kottayam

MORE IN KERALA
SHOW MORE
Loading...
Loading...