‘അതൊന്നുമില്ലെങ്കിലും വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും: പൊളിച്ചില്ലേ?’

845-suresh-gopi
SHARE

സ്ഥാനാർഥി വെളുപ്പിനുതന്നെ തൃശൂർ ശക്തൻ മാർക്കറ്റിലേക്ക് എത്തുകയാണ്. ഉടയാത്ത മുണ്ടും ഷർട്ടുമായിരിക്കും വേഷമെന്നുറപ്പാണ്. അതാണല്ലോ പതിവ്. എന്നാൽ, കാറിന്റെ ഡോർ തുറന്നിറങ്ങിയതു വെറും സ്ഥാനാർഥിയായിരുന്നില്ല. ശരിക്കും ‘മാസ് എൻട്രി.’ ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്പോർട്സ് ഷൂ, കടും നിറത്തിലുള്ള ബ്രാൻഡഡ് സ്പോർട്സ് ലോഗോയുള്ള ടീ ഷർട്ട്. പ്രഭാതനടത്തം പ്രചാരണയാത്രയാക്കിയതാണ്. മാർക്കറ്റിൽനിന്നു തിരിയാൻ ഇടമില്ല. നൂറുകണക്കിനു ചുമട്ടുകാർ ചാക്കുകളുമെടുത്തു പുറത്തേക്കും അകത്തേക്കും ഓടുകയാണ്. സുരേഷ് ഗോപി എത്തിയതോടെ അതൊരു ഓളമായി.

മാർക്കറ്റിലെ ചെറിയ കടകളും അസൗകര്യങ്ങളും കണ്ടതോടെ സുരേഷ് സംസാരിച്ചു തുടങ്ങിയത്  ഉച്ചത്തിലുള്ള ഡയലോഗായി മാറി: ‘‘മാർക്കറ്റ് ഇങ്ങനെ കിടന്നാൽ പോരാ. ഇതു നന്നാക്കിയെടുക്കാൻ എന്റെ കയ്യിൽ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയിൽ ഫണ്ടുണ്ട്. എംഎൽഎ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാൻ വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും’’ കയ്യടിയും ആരവവും. സുരേഷ് ‌അവസാനിപ്പിച്ചിട്ടില്ല, ‘‘ഇതിനിടയിൽ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാൽ അതു നിങ്ങൾ എല്ലാവരും ചേർന്നു നോക്കണം. ‘‘ഏറ്റു, ഏറ്റു എന്നു പലരും പറയുമ്പോൾ സുരേഷ് തിരിച്ചുനിന്നു വിരൽ ചൂണ്ടി പറഞ്ഞു,‘‘ഏൽക്കണം.’’

താരം കടന്നുപോകുന്ന വഴിക്കെല്ലാം കച്ചവടം ഒരു മിനിറ്റു നിലച്ചു. സമ്മാനമായി കിട്ടിയ പഴക്കുല ഉയർത്തിപ്പിടിച്ച്, അതുമായി നടന്നു തുടങ്ങി. മത്സ്യ, മാംസ മാർക്കറ്റിൽ മീനിനെക്കുറിച്ചു സംസാരിച്ചു. വലിയൊരു മീനിനെ തലയ്ക്കു മുകളിൽ എടുത്തുയർത്തി.മാർക്കറ്റിൽ നിന്നിറങ്ങി വാഹനത്തിൽ കയറുന്നതിനു മുൻപു അടുത്തു വന്ന ആളോട്, ‘‘പൊളിച്ചില്ലേ?’’ എന്നു ചോദിച്ചു. ‘പൊളിച്ചു എന്ന മറുപടിക്കു പ്രതികരണമായി വീണ്ടും ഡയലോഗ്: ‘തിരിച്ചും പൊളിച്ചു തരണം.’

English Summary: Poll scene in Thrissur hots up

MORE IN KERALA
SHOW MORE
Loading...
Loading...