കേരളത്തെ കരയിച്ച ദേവനന്ദ ഓർമയായിട്ട് ഒരുവർഷം; ഇന്നും മാറാത്ത ദുരൂഹത; അന്വേഷണം?

devananda-death-one-yr
SHARE

ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒ‍ാർമയായി ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിടത്തു തന്നെ നിൽക്കുന്ന അവസ്ഥയാണ്.

വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം ലോക്കൽ പൊലീസിൽ നിന്നു ക്രൈംബ്രാഞ്ചിലേക്ക് മാറ്റി എന്നു മാത്രം. 2020 ഫെബ്രുവരി 27ന് രാവിലെ 9.30നു ശേഷമാണ് ദേവനന്ദയെ വീട്ടിൽ നിന്നും കാണാതായത്. അടുത്ത ദിവസം പുലർച്ചെയാണ് പള്ളിമൺ ആറിനു കുറുകെയുള്ള താൽക്കാലിക തടയണയ്ക്ക് സമീപം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. അന്ന് മുതൽ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത വിടാതെ പിന്തുടരുകയാണ്. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിച്ചതുമില്ല.

‘ദേവനന്ദ തനിച്ച് ഒരിക്കലും അത്ര ദൂരം പോകില്ല’

താൻ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കൾക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത്. അന്നേ ദിവസം ദേവനന്ദയെ അടിക്കുകയോ അവൾക്ക് വിഷമം വരുന്ന ഒരു  വാക്കോ എന്നിൽ നിന്നും ഉണ്ടായില്ല. സാധാരണ രക്ഷിതാക്കൾ മക്കളെ ശാസിക്കുന്ന തരത്തിൽ അകത്തു പോയിരിക്കൂ എന്നു മാത്രമാണ്  പറഞ്ഞത്. തലേന്ന് രാത്രിയിലെ സ്കൂളിലെ കലാപരിപാടികൾ പങ്കെടുത്തു വലിയ സന്തോഷത്തിലാണ് ഞാനും മകളും വീട്ടിലെത്തിയത്. പലരും പക്ഷേ എനിക്കെതിരെ അപവാദങ്ങൾ പറഞ്ഞു പരത്തുന്നുണ്ട്. എന്റെ മകളെ നഷ്ടപ്പെട്ട വേദനയിൽ ഞാനതിനൊന്നിനും മുഖം കൊടുക്കുന്നില്ല.

മൂന്നു മാസങ്ങൾക്ക് മുൻപ് ചാത്തന്നൂർ എസിപിയെ കണ്ട് ഞാനും ഭർത്താവും കേസിന്റെ അന്വേഷണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് അറിയാൻ കഴിഞ്ഞത്. ഇന്നലെ മകളുടെ ഒ‍ാർമയ്ക്കായി അഭയകേന്ദ്രത്തിൽ ഒരു നേരത്തെ ഭക്ഷണം നൽകി. 

ദുരൂഹത തെളിയിക്കണം

കൊച്ചുമകളുടെ  മരണത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് ധന്യയുടെ പിതാവ് മോഹനൻപിള്ളയും അമ്മ രാധാമണിയമ്മയും പറഞ്ഞു. ഞങ്ങൾക്ക് മാത്രമല്ല ഇവിടെ വന്നു കാര്യങ്ങൾ കണ്ട് മനസ്സിലാക്കിയ എല്ലാവർക്കും വ്യക്തമാണ് ദേവനന്ദയെ പോലുള്ള ഒരു കുട്ടി വീട്ടിൽ നിന്നും 100 മീറ്ററിലധികം അകലെ വിജനമായ സ്ഥലത്ത് ഇത്ര ദൂരം കാൽ നടയായി  അതും ചെരിപ്പു ധരിക്കാതെ സഞ്ചരിച്ചു എന്നത്. കുട്ടി എങ്ങനെ അവിടം വരെ എത്തിയെന്നതിനെപ്പറ്റി ഒരു അന്വേഷണവും നടന്നിട്ടില്ല. ഇതേ അഭിപ്രായമാണ് പ്രദീപിന്റെ രക്ഷിതാക്കൾക്കും പറയാനുള്ളത്.

അന്വേഷണം ക്രൈംബ്രാഞ്ചിൽ

സംശയമുള്ളവരെ ചോദ്യം ചെയ്തു,മൊബൈൽ ഫോണുകൾ പരിശോധിച്ചു, അസ്വാഭാവികത ഒന്നുമില്ലെന്ന കണ്ടെത്തലോടെ കേസന്വേഷണം അവിടെ നിന്നു. പിന്നീട് ഫൊറൻസിക്, പോസ്റ്റ് മോർട്ടം റിപ്പോർട്ടും കാത്തിരുന്നു ഒടുവിൽ അതിലും ദുരൂഹതയില്ല എന്നു മനസ്സിലായതോടെ ലോക്കൽ പൊലീസ് അന്വേഷണം ഏകദേശം നിർത്തുന്ന ഘട്ടത്തിൽ എത്തി. ഇതോടെ വീട്ടുകാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി നൽകി. ഒടുവിൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി. അവിടെയും കാര്യമായ നീക്കം ഒന്നും ഉണ്ടായില്ല. ആറു കടക്കുന്നതിനിടെ ദേവനന്ദ ഈ തടയണയിൽ നിന്നും കാൽ വഴുതി വീണെന്നാണ് പൊലീസ് ഭാഷ്യം. ഒരു വർഷം മുൻപ് ഉണ്ടായിരുന്ന ഈ തടയണ തന്നെയാണ് ഇപ്പോഴും നാട്ടുകാർ പള്ളിമൺ ആറു കടക്കാൻ ഉപയോഗിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...