‘ഒരമ്മയ്ക്കും ഈ ഗതി വരരുത്’; പിന്തുണച്ച് രമ്യ; വാളയാറിലെ അമ്മ യാത്രയ്ക്ക്

walayar-mother-ramya
SHARE

വാളയാറിലെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കിയ വാളയാർ കേസ് അമ്മയുടെ പ്രതിഷേധത്തിലൂടെ വീണ്ടും സജീവമാവുകയാണ്. രമ്യാ ഹരിദാസ് എംപി അടക്കമുള്ള വനിതാ നേതാക്കളും പ്രതിപക്ഷ നേതാക്കളും വിഷയം പങ്കുവച്ച് രംഗത്തെത്തി. ‘മക്കളുടെ കൊലയാളികളെ കണ്ടെത്താന്‍ നിരാഹാരം. കേസ് വഴിതെറ്റിച്ചവരെ കണ്ടെത്താന്‍ സമര പരമ്പരകള്‍.

‘സത്യാഗ്രഹം.. തലമുണ്ഡനം.. ഒരമ്മയ്ക്കും ഒരു കാലത്തും ഈ അവസ്ഥയുണ്ടാവരുതേ..’ രമ്യ കുറിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സമരസമിതിയും അമ്മയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി ടി.സിദ്ദിഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വാളയാറിൽ സഹോദരിമാ‍ർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസർമാർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടി‍ൽ പ്രതിഷേധിച്ച് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്.

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാർക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണു പാലക്കാട്ടെ സമരപ്പന്തലിൽ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. ഇവർക്കു പിന്തുണയുമായി സാഹിത്യകാരി ബിന്ദു കമലൻ, സെലീന പ്രക്കാനം എന്നിവരും തല മുണ്ഡനം ചെയ്തു.

ഇനി കേരളത്തിലെ 14 ജില്ലകളിലും സഞ്ചരിച്ചു ജനങ്ങളോട് സർക്കാർ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചു. തന്റെ കുഞ്ഞുങ്ങൾക്കു മരണശേഷവും സർക്കാർ നീതി നിഷേധിക്കുകയാണെന്നും ഇവർ പറഞ്ഞു. വാളയാർ നീതി സമരസമിതിയുടെ നേതൃത്വത്തിലാണു പ്രതിഷേധം. 2017ലാണു 13, 9 വയസ്സുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

MORE IN KERALA
SHOW MORE
Loading...
Loading...