എതിരാളികള്‍ പോലും ആദരിക്കും; സി അച്യുതമേനോന്‍റെ രാഷ്ട്രീയ അടയാളപ്പെടുത്തൽ

ormachithram
SHARE

മികച്ച ഭരണാധികാരി. പ്രഗൽഭനായ മുഖ്യമന്ത്രി. എതിരാളികള്‍ പോലും സമ്മതിക്കുന്ന സി.അച്യുതമേനോൻ എന്ന കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചാണ് ഇന്ന് ഓര്‍മചിത്രം.  നേതൃപാടവവും ഭരണമികവും സമന്വയിച്ച ആ രാഷ്ട്രീയ കഥയിലേക്ക്.

സി.അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലം. നിയമസഭയിൽ  പ്രതിപക്ഷത്തിന്റെ ശബ്ദകലാപത്തിന് അന്ന് പതിവിലേറെ ചൂട്. അച്യുതമേനോൻ ഒരു ബന്ധുവിന്  ചട്ടവിരുദ്ധമായി ജോലി നൽകിയെന്ന് പ്രതിപക്ഷ ആരോപണം. കാര്യം എന്താണെന്ന് ഒരു പിടിയും കിട്ടാത്ത അച്യുതമേനോനും ആശയക്കുഴപ്പത്തിലായി.  അങ്ങനൊരു നിയമനത്തെ കുറിച്ച് അറിയില്ല എന്നദ്ദേഹം സഭയെ അറിയിച്ചു. എന്നാൽ, പിറ്റേന്ന് സഭയിൽ എത്തി അദ്ദേഹം മറ്റൊരു പ്രസ്താവന നടത്തി. തലേ ദിവസം ഉന്നയിച്ച ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടു എന്നും താൻ ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവിന് നിയമനം നൽകിയ ആളെ പിരിച്ചു വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ ആരോപണ കർത്താവിന്റെ മുഖത്തുപോലും ആദര ഭാവം. അതായിരുന്നു അച്യുതമേനോൻ.

1942–ൽ സിപിഐ അംഗമായ അദ്ദേഹം വൈകാതെ നേതൃപദവിയിലേക്ക്. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ധനകാര്യമന്ത്രി. 1964ല്‍ പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിലയുറപ്പിച്ചു.1962 മുതൽ 1968 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി.1968ല്‍ രാജ്യസഭാംഗം. 1969ല്‍ ഐക്യമുന്നണിയുടെ മുഖ്യമന്ത്രി. 1970ല്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയായി തുടർന്നു. 1970 ഒക്ടോബർ 4ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭ, 1977 മാർച്ച് 25 വരെ തുടർന്നപ്പോൾ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സർക്കാർ എന്ന വിശേഷണം. 

സിപിഐയും കോൺഗ്രസും ഒരുമിച്ചുണ്ടായിരുന്ന ആ സർക്കാരിനെ സുവർണ്ണകാലം എന്ന് ഓര്‍ക്കുന്നവരും ഏറെ. രാജൻ കേസ് ഒരു കറുത്ത പാടായി പിന്തുടർന്നെങ്കിലും ഭരണ ചരിത്രത്തിൽ അച്യുതമേനോൻ മന്ത്രിസഭയ്ക്ക്  തുല്യം മറ്റൊന്നില്ലെന്നു തന്നെ പറയാം. സ്വജനപക്ഷപാതമോ, സ്വാര്ഥതയോ ഇല്ലാതെ ഭരണം നടത്തി. നേതൃശേഷിയും ദീർഘ വീക്ഷണവും  ഉള്ള നേതാവ്. അങ്ങനെയാണ് ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...