പണി പൂർത്തിയായാലും പാലാരിവട്ടം മേല്‍പ്പാലം ഉദ്ഘാടനം നടത്താൻ ഇൗ സർക്കാരിനാവില്ല; കാരണം

palarivattom-Politics-07
SHARE

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകാന്‍ സാധ്യതയില്ല. 

വിജ്ഞാപനം വരുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം. ഉദ്ഘാടനം നടത്തി സര്‍ക്കാര്‍ നേട്ടമാക്കാനായില്ലെങ്കിലും പാലം ഇടതുമുന്നണിയുടെ പ്രചാരണ ആയുധമാകും.

യു.ഡി.എഫ് ഭരണകാലത്തെ അഴിമതിപ്പാലം റെക്കോര്‍ഡ് വേഗത്തില്‍ പൊളിച്ചുപണിയുകയെന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. പൊളിക്കുന്നതിന് മുന്‍പ് ഭാരപരിശോധന ആവശ്യമില്ലായെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ പാലം മുറിച്ചു തുടങ്ങി. പാലം പണിയുടെ മേല്‍നോട്ടം ഡി.എം.ആര്‍.സിക്ക്. നിര്‍മാണക്കരാര്‍ സി.പി.എം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കും. സര്‍ക്കാരിന്റെ രാഷ്ട്രീയ ആയുധമായ പാലം നിര്‍മാണം അതിവേഗം പൂര്‍ത്തീകരിക്കാന്‍ മൂന്നുഷിഫ്റ്റുകളിലായി പരമാവധി തൊഴിലാളികളെ  അണിനിരത്തി. മേയ്മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പദ്ധതി ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ തീര്‍ക്കണമെന്ന നിര്‍ദേശംവന്നതോടെ പണികളുടെ വേഗത പിന്നെയും കൂട്ടി. നിശ്ചിത സമയത്തിനും രണ്ടുമാസം മുന്‍പുതന്നെ പാലത്തിന്റെ പണി പൂര്‍ത്തിയാവുകയാണ്. ടാറിങ്ങും, അനുബന്ധ ജോലികളും അവസാനഘട്ടത്തിലാണ്. രണ്ടുദിവസത്തിനുള്ളില്‍ ടാറിങ് പൂര്‍ത്തിയാക്കി ഭാരപരിശോധന നടത്താനാണ് ഡി.എം.ആര്‍.സി ശ്രമം. പെയിന്റിങ്ങുമെല്ലാം തീരുന്നമുറയ്ക്ക് മാര്‍ച്ച് അഞ്ചിന് പാലം സര്‍ക്കാരിന് കൈമാറുമെന്നും ഡി.എം.ആര്‍.സി അറിയിച്ചിരുന്നു. അതായത് 158 ദിവസംകൊണ്ട് തിരക്കേറിയ ജംക്‌ഷനില്‍ പാലം പുനര്‍നിര്‍മിച്ച് തുറന്നുകൊടുത്തുവെന്ന നേട്ടമാണ് കൈയ്യെത്തുംദൂരത്ത് സര്‍ക്കാരിന്  നഷ്ടമാകുന്നത്.  ഈ സാഹചര്യത്തില്‍  ഔദ്യോഗിക ഉദ്ഘാടനമില്ലാതെ പാലം തുറന്നുകൊടുക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട് .

MORE IN KERALA
SHOW MORE
Loading...
Loading...