നടയിലൂടെ വലിച്ചു; എടുത്ത് വാഹനത്തിൽ കയറ്റി; സിപിഎം കൗൺസിലർ കസ്റ്റഡിയിൽ

cpm
SHARE

പൊലീസിനെ തടഞ്ഞ് അക്രമിച്ച കേസിൽ സിപിഎം കൗൺസിലർ കസ്റ്റഡിയിൽ. നാടകീയ രംഗങ്ങള്ക്ക് ഒടുവിലാണ് അറസ്റ്റ് നടന്നത്. സിപിഎം കൗൺസിലർ അനസ് പാറയിലിനെ നഗരസഭാ കൗൺസിൽ ഹാളിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് തയ്യാറാവാതിരുന്നതോടെയാണ് അനസിനെ ബലം പ്രയോഗിച്ച് പൊലീസ് കൊണ്ടുപോയത്. 

കഴിഞ്ഞ  24ന് തെക്കേക്കരയിൽ കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസിനെ തടഞ്ഞ് അക്രമിച്ചെന്നാണു കേസ്. പൊലീസ് ഉൾപ്പെടെ 2 പേർക്ക്  പരുക്കേറ്റിരുന്നു.  കൗൺസിലർമാരായ അനസ് പാറയിൽ, അൻസർ പുള്ളോലിൽ എന്നിവർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെ‍ടുത്തു. മറ്റുള്ളവർ ജാമ്യം നേടിയെങ്കിലും അനസിനു ജാമ്യം ലഭിച്ചില്ല.

അനസ്  നഗരസഭാ ഓഫിസിലുണ്ടെന്ന വിവരത്തെ തുടർന്നാണു പൊലീസ് എത്തിയത്. കസ്റ്റഡിയിലെടുക്കുന്നതു തടയാൻ ശ്രമിച്ചത് ബലപ്രയോഗത്തിന് ഇടയാക്കി. താഴെ വീണ അനസിനെ നടയിലൂടെ വലിച്ചു. തുടർന്ന് എടുത്താണു വാഹനത്തിലേക്കു കയറ്റിയത്.

സ്റ്റേഷനിലെത്തിച്ച ശേഷം അസ്വസ്ഥതകൾ പറഞ്ഞതിനാൽ അനസിനെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.  തുടർന്ന് മെഡിക്കൽ കോളജിലേക്കും മാറ്റി. പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നു ഡോക്ടർമാർ അറിയിച്ചതായി എസ്ഐ വി.ബി. അനസ് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കൗൺസിലർമാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. നഗരസഭാ അധ്യക്ഷയുടെയോ സെക്രട്ടറിയുടെയോ അനുമതിയില്ലാതെയാണു പൊലീസ് ഇടപെട്ടതെന്നു  സമരം ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷ സുഹ്റ അബ്ദുൽ ഖാദർ പറഞ്ഞു. 

ജനപ്രതിനിധിയോടു  പൊലീസിന്റെ പ്രവർത്തനം ഇത്തരത്തിലാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അവർ ചോദിച്ചു. വനിതാ കൗൺസിലർമാരോടു പൊലീസ് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും സുഹ്റ അബ്ദുൽ ഖാദർ ആരോപിച്ചു.

പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, അൻസാരി ഈലക്കയം, സജീർ ഇസ്മായിൽ, എസ്.കെ നൗഫൽ, ഡോ സഹ്‌ല ഫിർദൗസ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ 11.30ന് എസ്എച്ച്ഒ എസ്.എം പ്രദീപ്കുമാർ, എസ്ഐ വി.ബി അനസ് എന്നിവരുടെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്. 

MORE IN KERALA
SHOW MORE
Loading...
Loading...