'പരിപാടി ഗംഭീരം; എനിക്കൊരു നന്ദിയും കിട്ടി'; ആര്യ ദയാലിനെ പ്രശംസിച്ച് ധനമന്ത്രി

arya-dayal
SHARE

കയർ കേരള 2021-ന്റെ ഭാഗമായി ആര്യ ദയാലും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയെ പ്രശംസിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിന് വെർച്വലായിട്ട് ആയിരുന്നു കയർ കേരള 2021 സംഘടിപ്പിച്ചത്.

ആദ്യമായി സംഘടിപ്പിച്ച വെർച്വൽ മേളയ്ക്ക് മികച്ച സ്വീകാര്യത ആയിരുന്നു ലഭിച്ചത്. പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്റർ വേദിയാക്കി ആയിരുന്നു മേള സംഘടിപ്പിച്ചത്. ഫെബ്രുവരി 21ന് സമാപന സമ്മേളനത്തിൽ ആയിരുന്നു ആര്യ ദയാലും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ലിങ്ക് ഉപയോഗിച്ചും ഓൺലൈനിലൂടെ നിരവധി പേരാണ് മേളയുടെ ഭാഗമായത്.

'പരിപാടി ഗംഭീരമായിരുന്നു. മുമ്പൊരിക്കൽ ആര്യയുടെ ഗാനം എഫ്ബി പേജിൽ ഷെയർ ചെയ്ത വകയിൽ എനിക്കൊരു നന്ദിയും കിട്ടി.  ഈ സംഘം ഇനിയും ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പ്. എല്ലാ ഭാവുകങ്ങളും നേരുന്നു'. ധനമന്ത്രി കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം: 

കയർ കേരളയുടെ ഭാഗമായ സാംസ്ക്കാരികപരിപാടികളിൽ സദസിന്റെ ഹൃദയം കവർന്നത് ആര്യാ ദയാലാണ്.   പാട്ടുകൾ കൂട്ടിച്ചേർത്ത് തയ്യാറാക്കിയ മാഷ് അപ്പുകൾ അക്ഷരാർത്ഥത്തിൽ ദൃശ്യ ശ്രാവ്യ വിസ്മയമായിരുന്നു. ‘കണ്ണോട് കാൺവതെല്ലാം.....’ എന്ന ഗാനം പാടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ വേദിയിലെത്തിയത്.  ‘കാൻ ആലപ്പി’ കുട്ടികളോടൊപ്പം ഒരു സീറ്റ് തരപ്പെടുത്തി.

അറൈവൽ ഓഫ് എ റൈവൽ’  എന്ന  കുട്ടികളുടെ പ്രിയപ്പെട്ട ഗാനവും ഗംഭീരമായി അവതരിപ്പിച്ചു. പിന്നാലെ  സദസ്സിന്റെ ആവശ്യമെത്തി. “സഖാവ് എന്ന കവിത കേൾക്കണം”. 

സദസ്സിന്റെകൂടി പങ്കാളിത്തം ഉറപ്പുവരുത്തിയായിരുന്നു സംഘത്തിന്റെ പ്രകടനം.  അറിയാവുന്ന സംഗീതമെല്ലാം ആറ്റിക്കുറുക്കി ഫ്യൂഷനായി അവതരിപ്പിക്കുന്ന ആര്യയെ സാക്ഷാൽ ബിഗ് ബി വരെ അഭിനന്ദിച്ചിട്ടുണ്ട്.  കോവിഡ് ബാധിതനായി ആശുപത്രി കിടക്കയിലായിരിക്കെ ആര്യയുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ട് ബച്ചൻ ട്വിറ്ററിൽ കുറിച്ചു “നീ എന്റെ ആശുപത്രി ദിനങ്ങളിൽ പ്രകാശം പരത്തി”.   

 കോവിഡ്-ന് ശേഷമുള്ള ആര്യയുടെ ആദ്യ പൊതുപരിപാടിയായിരുന്നു പാതിരപ്പള്ളി ക്യാമിലോട്ട് കൺവെൻഷൻ സെന്ററിൽ വെർച്വൽ മേളയുടെ ഭാഗമായി നടന്നത്.

കാൻ ആലപ്പിക്കാരെക്കുറിച്ചും ഒരു വാക്ക്. കൈനകരി പഞ്ചായത്തിലെ ഡിസാസറ്റർ മാനേജ്മെന്റ് പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ഈ എഞ്ചിനീയറിംഗ് കുട്ടികൾ.  നെടുമുടി പഞ്ചായത്തിലെ കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള ബണ്ട് നിർമ്മാണത്തിന്റെ നേതൃത്വവും ഇവർക്കായിരുന്നു. അതു കഴിഞ്ഞ്  സംഗീതപരിപാടിയും കണ്ട് മടങ്ങിപ്പോകാനെത്തിയവർ.

പരിപാടി ഗംഭീരമായിരുന്നു. മുമ്പൊരിക്കൽ ആര്യയുടെ ഗാനം എഫ്ബി പേജിൽ ഷെയർ ചെയ്ത വകയിൽ എനിക്കൊരു നന്ദിയും കിട്ടി.  ഈ സംഘം ഇനിയും ഉയരങ്ങൾ കീഴടക്കുമെന്ന് ഉറപ്പ്. എല്ലാ ഭാവുകങ്ങളും നേരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...