ചോരവാർന്നു അരമണിക്കൂറിലേറെ; വെള്ളം പോലും നൽകാതെ കാഴ്ചക്കാർ; ദാരുണാന്ത്യം

walayar-accident
SHARE

വാളയാർ: സംസ്ഥാന അതിർത്തിക്കു സമീപം ചാവടിയിൽ‍ സ്വകാര്യ ബസ് ഇടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാനും അടിയന്തര ചികിത്സ നൽകാനും വൈകി. അരമണിക്കൂറിലേറെ റോഡിൽ ചോരവാർന്നു കിടന്ന കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശി സുബ്രഹ്മണ്യനെ (76) ഒടുവിൽ വാളയാറിൽനിന്ന് ആംബുലൻസ് എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. 

അപകട സമയത്ത് ഒട്ടേറെപ്പേർ ബസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. സമീപത്ത് ഓട്ടോറിക്ഷ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളുമുണ്ടായിരുന്നു. എന്നിട്ടും ആരും സഹായത്തിനെത്തിയില്ല. പാലക്കാട്– വാളയാർ റൂട്ടിൽ സർവീസ് നടത്തുന്ന ‘വേൽമുരുകൻ’ എന്ന ബസ്സാണ് ഇന്നലെ രാവിലെ 9നു ചാവടിപ്പാലത്തിനു സമീപം സുബ്രഹ്മണ്യനെ ഇടിച്ചത്. പാലക്കാട്ടുനിന്ന് ചാവടിയിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം ബസ് തിരിക്കുന്നതിനിടെയാണ് അപകടം.

കാലിലൂടെ ടയർ കയറിയതിനെത്തുടർന്നു സുബ്രഹ്മണ്യൻ റോഡിലേക്കു വീണു. ടയറിനടിയിൽനിന്ന് ബസ് ജീവനക്കാർ തന്നെ ഇദ്ദേഹത്തെ റോഡിലേക്കു മാറ്റിക്കിടത്തി. എന്നാൽ കാൽപാദത്തിനും കൈമുട്ടിനും തലയ്ക്കും ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിക്കാനോ വെള്ളം നൽകാനോ പോലും ആരും ശ്രമിച്ചില്ല. ഒടുവിൽ കെഎസ്ആർടിസി ഡ്രൈവർമാരും മറ്റു യാത്രക്കാരും ചേർന്ന് വാളയാർ പതിനാലാംകല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് വിളിച്ചുവരുത്തി.

ആദ്യം വാളയാറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ചോര വാർന്നതാണു മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി ചാവടി പൊലീസ് പറഞ്ഞു. ബസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യൻ തമിഴ്നാട് അതിർത്തിയിൽ ലോട്ടറി വിൽപനയും മറ്റു ജോലികളും നടത്തിയാണു കഴിഞ്ഞിരുന്നത്. ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലാണ് ഇയാൾ അന്തിയുറങ്ങിയിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

MORE IN KERALA
SHOW MORE
Loading...
Loading...