‘മുളകുവെള്ളം അവരുടെ നേരെ ഒഴിച്ചു; ഫോൺ എറിഞ്ഞു പൊട്ടിച്ചു’; പിന്നിൽ വൻറാക്കറ്റ് ?

bindhu-kidnap
SHARE

മാന്നാർ: ‘18 വയസ്സ് മുതൽ ബിന്ദു ഗൾഫിലാണ്. ഇതുവരെ ഇതുപോലൊരു സംഭവമുണ്ടായിട്ടില്ല–’ ബിന്ദുവിന്റെ അമ്മ ജഗദമ്മ പറഞ്ഞു. ബിന്ദു നാട്ടിലെത്തിയ ദിവസം മുതൽ അക്രമി സംഘത്തിലെ ചിലർ വീട്ടിലെത്തിയിരുന്നു. ‘സ്വർണം ആവശ്യപ്പെട്ടാണ് അവർ എത്തിയത്. എന്നാൽ, സ്വർണം കൊണ്ടുവന്നിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആളും വീടും മാറിപ്പോയെന്നു പറഞ്ഞ് അവർ മടങ്ങി. ഞായറാഴ്ചയും ഈ സംഘത്തിലെ ചിലർ വീടിന്റെ പരിസരത്തുണ്ടായിരുന്നു. ഇന്നലെ ആക്രമണത്തിൽ എന്റെ നെറ്റിയിലും കഴുത്തിനു പിന്നിലും അടിയേറ്റു. പൊട്ടലുണ്ട്.’ ജഗദമ്മ പറഞ്ഞു. ‘ബിന്ദുവിന്റെ കയ്യും കാലും കെട്ടി വായിൽ എന്തോ തിരുകിയ ശേഷം എടുത്തുകൊണ്ടു പോകുന്നതു കണ്ടു.

ഞാൻ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അവരുടെ നേരെ ഒഴിച്ചു. അപ്പോഴേക്കും അവർ കടന്നുകളഞ്ഞു–’ ജഗദമ്മ പറഞ്ഞു. അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറഞ്ഞു. ‘ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്–’ ബിനോയി പറഞ്ഞു.

സമഗ്ര അന്വേഷണം വേണം: കൊടിക്കുന്നിൽ 

കുരട്ടികാട് സ്വദേശിയായ ബിന്ദുവിനെ അർധരാത്രി വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്  കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. സംസ്ഥാനത്തു നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള വൻ റാക്കറ്റുകളിലെ ഒരു സംഘമാണ് യുവതിയെ തട്ടിക്കൊണ്ടു പോയതെന്നും കൊടിക്കുന്നിൽ  പറഞ്ഞു.

പൊലീസ് അന്വേഷിക്കണം: സജി ചെറിയാൻ 

സ്വർണമാണോ വ്യക്തിവൈരാഗ്യമാണോ തട്ടിക്കൊണ്ടു പോകലിന്റെ പിന്നിൽ എന്നതും പ്രാദേശികമായ സഹായമുണ്ടോ എന്നതും പൊലീസ് അന്വേഷിക്കണമെന്നു സജി ചെറിയാൻ എംഎൽഎ പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...