‘നെറ്റിയിലും നെഞ്ചിലും മെഷീൻവച്ച് ഇടിച്ചു’; ടോൾ ബൂത്തിൽ യുവാവിന് ജീവനക്കാരുടെ മർദനം

toll-attack
SHARE

കൊച്ചി: കുമ്പളം ടോളിൽ കാക്കനാട് സ്വദേശിയായ യുവാവിന് ജീവനക്കാരുടെ ക്രൂരമർദനം. ടോൾ അടച്ചതിന്റെ റെസീപ്റ്റ് ചോദിച്ചതിന് കാറിന്റെ ഗ്ലാസ് തല്ലിപ്പൊട്ടിക്കുകയും നെറ്റിയിലും കാലിലും ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നാണ് യുവാവിന്റെ പരാതി. പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്ന കുമ്പളം സ്റ്റേഷനിൽ നിന്നുവന്ന പൊലീസുകാർ തന്നെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ വിപിൻ വിജയകുമാർ പറയുന്നു. ടോളിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസുകാരുടേത്. സ്ഥലം സിഐ മാത്രമാണ് മാന്യമായി പെരുമാറുകയും കേസെടുക്കാൻ തയാറായതെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പറഞ്ഞു.

രാവിലെ പതിനൊന്നു മണിക്കു ശേഷം ടോളിലൂടെ ആലപ്പുഴ ഭാഗത്തേക്കു കടന്നു പോകുമ്പോഴാണ് സംഭവം. ഫാസ്ടാഗ് ഇല്ലാത്തതിനാൽ കിഴക്കു വശം ചേർന്നുള്ള ഗേറ്റിലൂടെയാണ് കടന്നു പോയത്. ഈ സമയം കയ്യിൽ പണം ഇല്ലാതിരുന്നതിനാൽ എടിഎം കാർഡാണ് നൽകിയത്. ആദ്യം കാർഡിൽ പിൻ അടിച്ചു കൊടുത്തപ്പോൾ റെസീപ്റ്റ് വന്നെങ്കിലും തന്നില്ല, പകരം ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും പിൻ നമ്പർ അടിപ്പിച്ചു. ഈ സമയം പ്രിന്റ് വന്നില്ല. രണ്ടു തവണ പിഴ സഹിതം പണം പിടിച്ചോ എന്ന സംശയം തോന്നിയതിനാലാണ് റെസീപ്റ്റ് ചോദിച്ചത്. ടോൾ അടച്ചതിന്റെ പാസും നൽകിയിരുന്നില്ല.

എടിഎം കാർഡ് തിരിച്ചുതന്ന് പണം കിട്ടിയിട്ടുണ്ട്, പൊയ്ക്കോളൂ എന്നു പറഞ്ഞതിനാലാണ് മുന്നോട്ടെടുത്തത്. ഈ സമയം ജീവനക്കാരൻ ക്രോസ്ബാർ താഴ്ത്തുകയും കാറിന്റെ ബോണറ്റിൽ ഇടിക്കുകയും ചെയ്തു. തിരിഞ്ഞു നോക്കിയപ്പോൾ സോറി ഭയ്യാ, എന്നു പറഞ്ഞ് പൊയ്ക്കോളാൻ ആവശ്യപ്പെട്ട് ക്രോസ് ബാർ ഉയർത്തി. വീണ്ടും മുന്നോട്ടെടുത്തപ്പോൾ കാറിന്റെ ഗ്ലാസിലേക്ക് ബാർ വന്നിടിച്ചു. ഇതുകണ്ട് നോക്കുമ്പോൾ ടോൾ ജീവനക്കാരൻ തന്നെ കളിയാക്കി ചിരിക്കുകയാണെന്ന് മനസിലായി. ഈസമയം ഗ്ലാസ് തുറന്ന് ‘എന്ത് കോപ്പാണ് കാണിക്കുന്നതെ’ന്ന് മലയാളത്തിൽ ചോദിച്ചു. മറ്റൊരു അസഭ്യവാക്കും ഉപയോഗിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.

പ്രകോപിതനായി പുറത്തേക്ക് ഇറങ്ങിവന്ന ടോൾ ജീവനക്കാരൻ കാറിന്റെ പിന്നിലെ ഗ്ലാസ് ഇടിച്ചു പൊട്ടിച്ചു. വീണ്ടും വന്ന് ഡ്രൈവർ സീറ്റിന്റെ പിന്നിലെ വിൻഡ് ഷീൽഡിലേക്ക് കയ്യിലിരുന്ന മെഷീൻവച്ച് ഇടിച്ചു. അപ്പോഴാണ് വണ്ടി നിർത്തി പുറത്തിറങ്ങുന്നത്. ഇതോടെ സംസാരമുണ്ടായി ഉന്തും തള്ളുമുണ്ടായി. ഈ സമയം മറ്റു രണ്ടു പേർ കൂടി വന്ന് പിടിച്ചുവച്ചു. ഈ സമയം കാർ തകർത്ത ജീവനക്കാരൻ തന്റെ നെറ്റിക്കും പുറത്തും നെഞ്ചിലുമെല്ലാം കയ്യിലുണ്ടായിരുന്ന മെഷീൻ വച്ചും അല്ലാതെയും അടിച്ചു. ഇവിടെയെല്ലാം കാര്യമായ പരുക്കേറ്റിട്ടുണ്ട്. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ ഓടിക്കൂടുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. പത്തു മിനിറ്റിനകം ഫ്ലൈയിങ് സ്ക്വാഡ് പൊലീസ് എത്തിയെങ്കിലും അവർക്കു കാര്യമായി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞു. 

പിന്നാലെ ഒരു എസ്ഐയും എഎസ്ഐയും രണ്ടു പൊലീസുകാരും സ്ഥലത്തെത്തി. നമ്മളെ സ്ഥലത്തു നിന്ന് എങ്ങനെ എങ്കിലും പറഞ്ഞു വിടാനായിരുന്നു ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിന്റെ ശ്രമം. എത്രയും പെട്ടെന്ന് വിട്ടു പൊയ്ക്കോ, ഇതിന്റെ പിന്നാലെ നിന്നാൽ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടാകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. പിന്നെ പത്തു മിനിറ്റിനകം പോയില്ലെങ്കിൽ നമ്മളെ പ്രതിയാക്കുമെന്ന മട്ടിലായി സംസാരം. ഇതോടെ പരിചയക്കാർ ചിലരും സ്ഥലത്തെത്തി. തല്ലുകൊണ്ടിട്ട് പോകുകേല, കേസെടുക്കണമെന്ന് നിർബന്ധം പറഞ്ഞു. ഇതോടെ സിഐ വരട്ടെ എന്നായി. സിഐ എത്തിയപ്പോൾ മാത്രമാണ് കേസെടുക്കാമെന്ന മട്ടിൽ സംസാരിച്ചത്. 

ഉപദ്രവിച്ച ആളെയും പൊലീസ് കൊണ്ടുപോകണമെന്ന് നാട്ടുകാർ കൂടി ആവശ്യപ്പെട്ടതോടെ പൊലീസിന് നിവർത്തിയില്ലാതെയായി. തന്നെ പൊലീസ് ജീപ്പിലും പ്രതിയെ കൂട്ടി വരാൻ ടോളിലുള്ളവരോടു പറയുകയുമായിരുന്നു. പ്രതിയെ ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടു പോലും നിങ്ങൾക്ക് തെറ്റിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസിന്റെ മറുപടി. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കു പകരം വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടപ്പോൾ നൽകിയത്. തന്നെ സ്റ്റേഷനിൽ എത്തിച്ച് മണിക്കൂറുകളോളം ഇരുത്തിയതല്ലാതെ എഫ്ഐആർ ഇടാൻ പൊലീസ് തയാറായില്ല. പകരം ഏതോ പ്രതിയോടെന്ന പോലെയാണ് പൊലീസുകാരെല്ലാം പെരുമാറിയത്.

പ്രതിയെ സ്ഥലത്ത് കൊണ്ടുവന്ന് വൈകാതെ തന്നെ ടോൾ ഉദ്യോഗസ്ഥർക്കൊപ്പം പറഞ്ഞയയ്ക്കുകയും ചെയ്തു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതും സ്കാനിങ് നടത്തിയതുമെല്ലാം. രാത്രി തലവേദനയായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലും കാണിക്കേണ്ടി വന്നെന്നും വിപിൻ പറയുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും പനങ്ങാട് സിഐ സുരേഷ് പറഞ്ഞു. പരാതിക്കാരൻ പറഞ്ഞ കാര്യങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ തടസം ഒഴിവാക്കാനായിരുന്നു പൊലീസ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...