വളരും തോറും പിളരുന്ന കേരളാ കോൺഗ്രസ്; രാഷ്ട്രീയ ചരിത്രം ഇങ്ങനെ

keralacn-23
SHARE

'വളരും തോറും പിളരും..പിളരും തോറും വളരും'. പറഞ്ഞ് പഴകിയ ഈ വാക്കുകള്‍ തന്നെയാണ് കേരള കോണ്‍ഗ്രസിന് എക്കാലവും ഇണങ്ങുന്നത്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് പിറവികൊണ്ട കേരള കോണ്‍ഗ്രസ് പില്‍ക്കാലത്ത് മതസാമുദായിക ശക്തികളുടെ പാര്‍ട്ടിയായി മാറുന്ന കാഴ്ച്ചയും കേരളം കണ്ടു. ആ രാഷ്ട്രീയ നേര്‍ചിത്രം കാണാം.

1964 ഒക്ടോബർ 9. പി.ടി.ചാക്കോ മരിച്ച് 70-ാം ദിവസമായിരുന്നു അന്ന്. ചാക്കോ പക്ഷക്കാരായ 15 എംഎൽഎമാർ കോട്ടയം തിരുനക്കര മൈതാനത്ത് അദ്ദേഹത്തെ അനുസ്മരിച്ച് ഒരു മഹായോഗം സംഘടിപ്പിച്ചു. കൂട്ടായ്മയിലൂടെ സമാഹരിച്ച പണം ചാക്കോയുടെ കുടുംബത്തിന് കൈമാറി. ആ യോഗത്തിൽവെച്ച് കേരള കോൺഗ്രസ് എന്ന കരുത്തുറ്റ പ്രാദേശിക പാര്‍ട്ടിയുടെ ഔദ്യോഗിക പിറവി കുറിച്ചു. മന്നത്തുപദ്മനാഭൻ ആണ് കേരള കോൺഗ്രസ് എന്ന പേര് പ്രഖ്യാപിച്ചത്. കെ.എം.ജോർജ് സ്ഥാപക ചെയർമാനും ആർ.ബാലകൃഷ്ണ പിള്ള വൈസ് ചെയർമാനുമായി.

കോൺഗ്രസിൽ നിന്ന് രാജിവെച്ച്, എന്തുചെയ്യണമെന്നറിയാതെ നിന്ന 15 എംഎൽഎമാരെകൊണ്ട് പുതിയൊരു പാർട്ടി എന്ന നിർണായകമായ തീരുമാനമെടുപ്പിക്കുന്നതിൽ  മുഖ്യ പങ്കു വഹിച്ച ആളാണ് അന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട് ആയിരുന്ന മാത്തച്ചൻ കുരുവിനാകുന്നിൽ.  

1965 ലെ തിരഞ്ഞെടുപ്പിൽ 25 എംഎൽഎമാരെ വിജയിപ്പിക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാൽ 67 ലെ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങി. അന്ന് വിജയിച്ചവരിൽ പ്രമുഖനായിരുന്നു കെ.എം.മാണി. പിന്നീട് കെഎം ജോർജിനെ അട്ടിമറിച്ച് കെ.എം.മാണി നേതൃത്വത്തിലേക്ക് ഉയർന്നു. ജോർജ് സാറേ എന്ന വിളി അങ്ങനെ ക്രമേണ മാണിസാർ എന്നായി. 

കേരള കോൺഗ്രസിലെ പിളർപ്പ് തുടങ്ങുന്നത് 1977ലാണ്. ആർ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് ബി രൂപീകരിച്ചതോടെ പിളർപ്പ് യുഗം ആരംഭിച്ചു. കൃത്യം രണ്ടു വർഷത്തിനു ശേഷം 1979 പി.ജെ ജോസഫും മാണിയുമായി തെറ്റിപ്പിരിയുന്നു. കെഎം മാണി പുതിയ പാർട്ടി രൂപീകരിക്കുന്നു. മാണി കോൺഗ്രസിനൊപ്പം. ജോസഫ് ഇടതുപക്ഷത്തിനൊപ്പം. എന്നാൽ 1980ല്‍ പരസ്പരം ഇരുവരും കൂറ് മാറുന്നു . 1982ല്‍ മാണി വീണ്ടും യുഡിഎഫിൽ. അങ്ങനെ മൂന്നു കേരള കോൺഗ്രസും കോൺഗ്രസിനൊപ്പം സഖ്യം ചേരുന്നു. പിന്നെയങ്ങോട്ട് പിളര്‍പ്പുകളുടെയും പുതിയ പാര്‍ട്ടി പിറവികളുടെയും നാല് പതിറ്റാണ്ടുകള്‍. ഇപ്പോള്‍ മാണിയുടെ മരണശേഷം ആ വിഭാഗം എല്‍ഡിഎഫില്‍ എന്ന ചരിത്രമാറ്റം. ജോസഫാകട്ടെ യുഡിഎഫിലും.

MORE IN KERALA
SHOW MORE
Loading...
Loading...