മുളകുവെള്ളമെടുത്ത് അവരുടെ നേരെ ഒഴിച്ചു, അപ്പോഴേക്കും കടന്നുകളഞ്ഞു; ബിന്ദുവിന്റെ അമ്മ

bindu-mother
SHARE

മാന്നാറിൽ‌ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികരണവുമായി അമ്മ ജഗദമ്മ. അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേരെ ഒഴിച്ചെന്നും അപ്പോഴേക്കും അവർ കടന്നുകളഞ്ഞെന്നും ജഗദമ്മ പറയുന്നു.  ''ബിന്ദു നാട്ടിലെത്തിയ ദിവസം മുതൽ അക്രമി സംഘത്തിലെ ചിലർ വീട്ടിലെത്തിയിരുന്നു. ‘സ്വർണം ആവശ്യപ്പെട്ടാണ് അവർ എത്തിയത്. എന്നാൽ, സ്വർണം കൊണ്ടുവന്നിട്ടില്ലെന്ന് ബിന്ദു പറഞ്ഞതോടെ ആളും വീടും മാറിപ്പോയെന്നു പറഞ്ഞ് അവർ മടങ്ങി. ഞായറാഴ്ചയും ഈ സംഘത്തിലെ ചിലർ വീടിന്റെ പരിസരത്തുണ്ടായിരുന്നു. ഇന്നലെ ആക്രമണത്തിൽ എന്റെ നെറ്റിയിലും കഴുത്തിനു പിന്നിലും അടിയേറ്റു. പൊട്ടലുണ്ട്'', ജഗദമ്മ പറയുന്നു. 18 വയസ് മുതൽ ബിന്ദു ഗൾഫിലാണെന്നും ഇതുപോലൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. 

അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്ന് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറയുന്നു. ''പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുന്നുവെന്നു പറഞ്ഞ് അമ്മ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്'', ബിനോയി പറഞ്ഞു.

അതേസമയം, തന്നെ തട്ടിക്കൊണ്ടുപോയ കേസില്‍ വെളിപ്പെടുത്തലുമായി ബിന്ദു രംഗത്തെത്തി. തന്നെ ഏല്‍പിച്ച സ്വര്‍ണം മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നാണ് വെളിപ്പെടുത്തൽ. നാട്ടിലെത്തിക്കാന്‍ ബാഗ് നല്‍കുകയായിരുന്നു, പിന്നീടാണ് സ്വര്‍ണമാണെന്ന് പറഞ്ഞത്. സ്വര്‍ണവുമായി എത്തിയാല്‍ പ്രശ്നമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്നും ബിന്ദു പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഘം തന്നെ കാറില്‍വച്ച് ഉപദ്രവിച്ചു. നെല്ലിയാമ്പതിയിലേക്കാണ് സംഘം കൊണ്ടുപോയതെന്നും ബിന്ദു പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...