വിഴിഞ്ഞം തുറമുഖ പദ്ധതി: തര്‍ക്ക പരിഹാരത്തിന് മധ്യസ്ഥനെ നിയോഗിച്ച് സര്‍ക്കാര്‍

vizhinjam
SHARE

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ അദാനി ഗ്രൂപ്പുമായുള്ള തര്‍ക്ക പരിഹാരത്തിന് സര്‍ക്കാര്‍ മധ്യസ്ഥനെ നിയോഗിച്ചു.  സുപ്രീംകോടതി റിട്ടയേര്‍ഡ് ജസ്റ്റിസ് കുര്യന്‍ ജോസഫാണ് മധ്യസ്ഥന്‍. നിര്‍മാണകാലാവധി നീട്ടിനല്‍കുന്നതിന് കമ്പനി പറഞ്ഞ കാരണങ്ങള്‍ സര്‍ക്കാര്‍ തള്ളിയതോടെയാണ് അദാനി ഗ്രൂപ്പ് ആര്‍ബിട്രേഷനിലേക്ക് നീങ്ങിയത്.

ഓഖി, പ്രളയം, പാറക്ഷാമം, കോവിഡ്, സമരങ്ങള്‍ എന്നിവമൂലമാണ് തുറമുഖ നിര്‍മാണം വൈകിയതെന്ന അദാനി ഗ്രൂപ്പിന്‍റെ വാദം സര്‍ക്കാര്‍ തള്ളിയതോടെയാണ് ആര്‍ബിട്രേഷനിലേക്ക് നീങ്ങിയത്. അദാനി ഗ്രൂപ്പ് ഉന്നയിച്ച വാദങ്ങള്‍ കരാര്‍ പ്രകാരമുള്ള സ്വതന്ത്ര എന്‍ജിനീയര്‍ പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. കരാര്‍ പ്രകാരം ആര്‍ബിട്രേഷനിലേക്ക് കടക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അദാനി ഗ്രൂപ്പ് ഡയറക്ടറും തമ്മില്‍ ചര്‍ച്ച നടത്തണമായിരുന്നു. ഈ ചര്‍ച്ച നടന്നില്ലെന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ വിളിച്ച യോഗത്തിനെ അദാനി ഗ്രൂപ്പ് തെറ്റായി വ്യാഖ്യാനിച്ച് ആര്‍ബിട്രേഷനിലേക്ക് നീങ്ങിയെന്നാണ് തുറമുഖ പദ്ധതിക്കായി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ വിസില്‍ വാദിക്കുന്നത്. സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ.എസ്.പി രാധാകൃഷ്ണനെയാണ് അദാനി ഗ്രൂപ്പ് മധ്യസ്ഥനാക്കിയത്. തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മധ്യസ്ഥനെ നിയോഗിക്കാനാവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തു. 

എന്നാല്‍, സര്‍ക്കാര്‍ മറുപടി നല്‍കാത്തതോടെ അദാനി ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഡിസ്പ്യൂട്ട് റസല്യൂഷനെ സമീപിച്ചു. തുടര്‍ന്നാണ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ മധ്യസ്ഥനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കരാര്‍ പ്രകാരം 2019 ഡിസംബര്‍ മൂന്നിന് തുറമുഖനിര്‍മാണം പൂര്‍ത്തിയാകേണ്ടതാണ്. 270 ദിവസം കൂടി കരാര്‍ പ്രകാരം അധികസമയവും നല്‍കി. പിന്നീടുള്ള ഓരോദിവസവും കമ്പനി 12 ലക്ഷം വീതം സര്‍ക്കാരിലേക്ക് പിഴയടക്കണമെന്നാണ് കരാര്‍. ഈ നഷ്ടപരിഹാരം ഒഴിവാക്കി കരാര്‍ കാലാവധി നീട്ടിക്കിട്ടുന്നതിനാണ് കമ്പനി ആര്‍ബിട്രേഷനിലേക്ക് നീങ്ങിയത്. നിര്‍മാണകാലാവധി നീട്ടി നല്‍കുന്നത് വിവാദമാകുമെന്നതിനാല്‍ ആര്‍ബിട്രേഷന്‍ വഴി തീരുമാനമുണ്ടാകുന്നതിലാണ് സര്‍ക്കാരിനും താല്‍പര്യം.

MORE IN KERALA
SHOW MORE
Loading...
Loading...