കാണണം അധ്യാപക ഉദ്യോഗാര്‍ഥികളുടെ ഈ കണ്ണീരും; സര്‍ക്കാര്‍ അറിയാന്‍

lpsa-upsa
SHARE

എല്‍പിഎസ്എ, യുപിഎസ്എ, എച്ച്എസ്എ, എച്ച്എസ്എസ്ടി: നിയമന ഉത്തരവ് ലഭിച്ച അധ്യാപക ഉദ്യോഗാര്‍ഥികളെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമുഖത്ത്. ഇവര്‍ സര്‍ക്കാരിന് മുന്നില്‍ നീതി തേടി വയ്ക്കുന്ന അപേക്ഷ ഇങ്ങനെ: 

എട്ടും പത്തും വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 2017 ഇൽ എച്ച്എസ്എസ്ടി ജൂനിയര്‍ വിവിധ വിഷയങ്ങളിലേയ്ക്ക് പിഎസ്‌‌സി നോട്ടിഫിക്കേഷൻ വന്നു. 2018 ഇൽ പരീക്ഷകൾ നടന്നു. 2019 ഇൽ റാങ്ക്ലിസ്റ്റുകൾ നിലവിൽ വന്നു. 2020 ജനുവരിയിൽ നിയമന ശുപാർശയും ഒരു വർഷത്തിന് ശേഷം 2021 ജനുവരിയിൽ നിയമന ഉത്തരവും നല്കപ്പെട്ടു. എന്നാൽ ഇതുവരെയും ജോയിനിങ് അനുവദിച്ചിട്ടില്ല. 

14 ജില്ലകളിലെ HSA വിവിധ വിഷയങ്ങളിൽ 2012 ഇൽ PSC നോട്ടിഫിക്കേഷൻ വന്നു. 4 വർഷങ്ങൾക്ക് ശേഷം 2018ലാണ് റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നത്. അവരിൽ നിന്നും 2020ൽ അഡ്വൈസ് മെമോ കൈപ്പറ്റി, 2021 ഇൽ അപ്പോയ്ന്റ്മെന്റ് ഓർഡർ ലഭിച്ചവരും 2020 മെയ്‌ ഇൽ തന്നെ അപ്പോയ്ന്റ്മെന്റ് ഓർഡർ കൈപ്പറ്റിയവരും  ഇപ്പോഴും നിയമനം ലഭിക്കാതെ വലയുകയാണ്. ഉദാഹരണത്തിന് കൊല്ലം ജില്ലയിലെ HSA നാച്ചുറൽ സയൻസ് ഇൽ 2018 ഇൽ വന്ന റാങ്ക്ലിസ്റ്റിൽ നിന്നും 20 പേർക്ക് മാത്രമാണ് 3വർഷം കൊണ്ടു നിയമനം ലഭിച്ചത്. 21ആമത്തെ ആൾ നിയമന ഉത്തരവുമായി ജോയിനിങ് കാത്തിരിക്കെ, 2021 ഏപ്രിലിൽ ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്.

upsa-vishnu

ഇതേപോലെ 14 ജില്ലകളിലെ LPSA, UPSA തസ്തികളിലേക്ക് 2014ഇൽ നോട്ടിഫിക്കേഷൻ വന്നു 2018ഇൽ LPSA റാങ്ക് ലിസ്റ്റുകളും 2019ഇൽ UPSA റാങ്ക്ലിസ്റ്റുകളും നിലവിൽ വന്നു. അവരിൽ 14 ജില്ലകളിൽ നിന്നുമായി 1000ലധികം പേർ നിയമന ഉത്തരവുമായി നിയമനം കാത്തുകഴിയുകയാണ്. LP വിഭാഗത്തിൽ 7 ജില്ലകളിൽ ആയി 450ഓളം പേരും, UP വിഭാഗത്തിൽ 11 ജില്ലകളിലായി 185പേരും ജോയിനിങ് കാത്തു കഴിയുന്നു.

2020-21 അധ്യയന വർഷം ആരംഭിച്ചിട്ടില്ല, ഇപ്പോഴും വെക്കേഷൻ തുടരുകയാണ് എന്ന കാരണമാണ് സർക്കാർ പറയുന്നത്.

ജൂണിൽ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് അതാത് വിഷയങ്ങളുടെ അധ്യാപകർ ഫോളോ അപ്പ് നൽകണം എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളപ്പോൾ 2014 മുതലുള്ള ഈ ഒഴിവുകൾ ഈ 2021ലും നികത്തിയിട്ടില്ല.

കെഇആര്‍ ചട്ടം ആണ് ഇതിന് തടസം എന്ന് പറയുമ്പോൾ എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾക്ക് 2016 മുതൽ 2020 മാർച്ച്‌ വരെ മുൻകാല പ്രാബല്യത്തോടെ നിയമന അംഗീകാരം നൽകി ഗവണ്മെന്റ് ഉത്തരവ് 2021 ഫെബ്രുവരി 06ന് ഇറങ്ങി.

അതേപോലെ, വെക്കേഷൻ ആണെന്ന് പറയുമ്പോൾ തന്നെ പ്രൊമോഷൻ, ട്രാൻസ്ഫർ, അവധികഴിഞ്ഞു തിരികെ ജോലിയിൽ പ്രവേശിക്കൽ, സ്കോളർഷിപ് വിതരണങ്ങൾ, പൊതുപരീക്ഷാ പ്രഖ്യാപനം എന്നിവ മുറക്ക് നടന്നു വരുന്നു. എന്നിട്ടും റെഗുലർ ക്ലാസുകൾ അല്ലായെന്നു വരുത്തുന്നതിനായി സ്കൂളുകളിൽ താത്കാലിക രജിസ്റ്ററില്‍ ആണ് നിലവിലെ അധ്യാപകരെ ഒപ്പിടാൻ അനുവദിച്ചിരിക്കുന്നത്.

നിയമന ശുപാർശ ലഭിച്ച 1632 അധ്യാപക ഉദ്യോഗാർഥികൾക്ക്, 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി തൊഴിൽ നൽകും എന്ന് മുഖ്യമന്ത്രി ഒക്ടോബറിൽ പ്രഖ്യാപിച്ചെങ്കിലും നിയമനം നടന്നിട്ടില്ല. എന്നാൽ സർക്കാർ വെബ്സൈറ്റ് ഇൽ ജോലി ലഭിച്ചവരായി പേര് ചേർക്കപ്പെട്ടു.

HSST വിവിധ വിഷയങ്ങളിൽ ജൂനിയർ, സീനിയർ തസ്തികകളിൽ 2ലും, സബ്ജെക്ട് ന് ആളില്ലാത്ത ധാരാളം സ്കൂളുകൾ നിലവിലുണ്ട്. ഇത്തരം സ്കൂളുകളിൽ പലതിലും നിയമന ഉത്തരവ് കിട്ടിയവരെ തഴഞ്ഞുകൊണ്ട് BRC, സമഗ്ര, റിട്ടയേര്‍ഡ് അധ്യാപകരുടെ സേവനം സ്വീകരിക്കുവാൻ ഗവണ്മെന്റ് ഉത്തരവ് ഇറക്കി.

ഡിസംബർ 17 മുതൽ 50% അധ്യാപകർ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളുകളിൽ എത്തി സംശയനിവാരണം നടത്തുവാൻ ഗവണ്മെന്റ് ഉത്തരവ് ഇറങ്ങി. അതിനുശേഷം 2021 ജനുവരി 1ന് സംസ്ഥാനത്തെ സ്ക്കൂളുകൾ തുറന്നതായും 10, +2 ക്ലാസ്സിലെ കുട്ടികൾ സ്കൂളുകളിലെത്തി പഠിക്കുവാനും ഗവണ്മെന്റ് ഉത്തരവ് ഇറങ്ങി. പിന്നാലെ, ജനുവരി 25 മുതൽ 100 % അധ്യാപകരും സ്കൂളിൽ എത്തുവാനും, വൈകുന്നേരം വരെ, ഒരു ബെഞ്ചിൽ 2 കുട്ടികൾ വച്ചു ക്ലാസുകൾ നടത്തുവാനും ഉള്ള ഗവണ്മെന്റ് ഉത്തരവ് ജനുവരി 22 ന് ഇറങ്ങി.

ഈ ഉത്തരവുകൾ എല്ലാം നിലവിൽ വന്നിട്ടും, നിയമന ശുപാർശ ലഭിച്ച് 90 ദിവസത്തിൽ നിയമന ഉത്തരവ് നൽകണം എന്ന പിഎസ്‌‌സി റൂള്‍  ഉണ്ടായിട്ടും ഒരു വർഷത്തിന് ശേഷം നിയമന ഉത്തരവ് ലഭിച്ച ഞങ്ങളെ ജോലിയിൽ പ്രവേശിക്കുവാൻ ഗവണ്മെന്റ് അനുവദിക്കുന്നില്ല. നിയമന ഉത്തരവ് ലഭിച്ചു 15 ദിവസത്തിനുള്ളിൽ ജോയിന്‍ ചെയ്യണം എന്നാണ് നിയമം എങ്കിലും റെഗുലർ ക്ലാസ്സ്‌ അല്ല എന്ന ഒറ്റ കാരണത്താൽ ഞങ്ങളുടെ ജോയിനിങ് അനിശ്ചിതമായി വൈകുകയാണ്. എല്‍പി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾക്ക് കൃത്യമായി ഫോളോ അപ്പ്‌ നൽകുന്നതിന് ഈ അധ്യാപക ഒഴിവുകൾ നികത്തേണ്ടത് തീർത്തും അനിവാര്യവും അടിയന്തിരവുമായ ആവശ്യമാണ്.

ഞങ്ങളിൽ പലരും ഇനിയൊരു PSC പരീക്ഷ എഴുതുവാൻ പ്രായപരിധി കഴിഞ്ഞവരും, നിയമന ശുപാർശ കൈപ്പറ്റിയതോടെ നിലവിലുണ്ടായിരുന്ന പ്രൈവറ്റ് /താത്കാലിക ജോലികൾ കൂടി നഷ്ടമായവരും ആണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഞങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ ആണ് കടന്നു പോകുന്നത്. അങ്ങനെയുള്ള ഞങ്ങളോട് യാതൊരു മാനുഷിക പരിഗണനയും സർക്കാർ കാണിക്കുന്നില്ല എന്നതിൽ ഞങ്ങൾക്ക് കടുത്ത നിരാശയും അതൃപ്തിയും ഉണ്ട്. നിലവിൽ ഉണ്ടായിരുന്ന അദ്ധ്യാപകർ വിരമിച്ച ഒഴിവുകളിലേയ്ക്ക് ഞങ്ങളെ നിയമിക്കുന്നതിൽ സർക്കാരിന് അധികസാമ്പത്തിക ബാധ്യത വരും എന്നും കരുതുന്നില്ല.

സ്കൂൾ റെഗുലർ ആവുന്നത് അനിശ്ചിതമായി നീളുന്നതിനാൽ, ഞങ്ങളെ ഏതു തീയതിയിൽ  ജോലിയിൽ ജോയിൻ ചെയ്യിപ്പിക്കും എന്ന ഗവണ്മെന്ടിന്റെ രേഖാമൂലമുള്ള ഉറപ്പ് കിട്ടും വരെ ഞങ്ങളുടെ സമരം തുടരുവാനാണ് തീരുമാനം.

MORE IN KERALA
SHOW MORE
Loading...
Loading...