കലാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ 'ക്യാംപസ് പൊലീസിങ് യൂണിറ്റ്'; നിര്‍ദേശവുമായി കോടതി

campus-hc-02
SHARE

കലാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ ക്യാംപസ് പൊലീസിങ് യൂണിറ്റുകള്‍ തുടങ്ങണമെന്ന് ഹൈക്കോടതി . പൊലീസ് എക്സൈസ് സേനാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘം ലഹരിവ്യാപാരം തടയാന്‍ കലാലയങ്ങളില്‍ നിരന്തര പരിശോധന നടത്തണം. ലഹരിമാഫിയയുടെ കണ്ണികളെ കണ്ടെത്താന്‍ കോവിഡ് സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന രീതി അവലംബിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയയുടെ പ്രവര്‍ത്തനം സജീവം. ഇതുതടയാനാകട്ടെ  കൃത്യമായ മാര്‍ഗങ്ങളുമില്ല. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കര്‍മ പദ്ധതി നിര്‍ദേശിക്കുന്നത്. കലാലയങ്ങളിലെ ലഹരിവില്‍പനയുടെ കണ്ണികളറുക്കാന്‍ പ്രത്യേകമായി  പൊലീസിങ് യൂണിറ്റുകള്‍ വേണം . ഇതില്‍ എക്സൈസ്,  പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണം . സ്റ്റുഡന്റ് പൊലീസ്  എന്‍സിസി അടക്കമുള്ള വിദ്യാര്‍ഥിവിഭാഗങ്ങളെയും ഇതിന്റ ഭാഗമാക്കണം .  ബോധവല്‍ക്കരണത്തിനും ഈ സംവിധാനം പ്രയോജനപ്പെടുത്തണം . ലഹരിവിരുദ്ധ ക്യാംപസ്  ഉറപ്പാക്കാന്‍ ഇപ്രകാരം കര്‍മപദ്ധതി നടപ്പാക്കണം . ഇതിനുള്ള നടപടികള്‍ സ്വീകരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്്റ്റീസ്  എസ് മണികുമാറും ജസ്റ്റീസ് എ എം ഷഫിഖും അടങ്ങിയ ഡിവിഷന്‍  ബെഞ്ച് ഉത്തരവിട്ടു . ലഹരിമരുന്നുകളുടെ  വിനിയോഗം തടയാനുള്ള പദ്ധതികള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി റിട്ടയേര്‍ഡ് എസ്പി  എന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് . സംസ്ഥാനത്ത് 400 ഒാളം വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിവിനിയോഗം വ്യാപകമാണെന്നും ഇതില്‍ മുക്കാല്‍പങ്കും സ്കൂളുകളാണെന്നും  സ്പെഷല്‍ ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പിടിക്കപ്പെടുന്നവര്‍ക്ക് ജാമ്യം കിട്ടുന്ന രീതിയില്‍ അളവുകുറച്ചാണ് ലഹരിമരുന്നിന്റെവില്‍പന നടക്കുന്നത്. ഇത് തടയാന്‍ ആവശ്യമായ നിയമനിര്‍മാണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സ്പെഷല്‍ ബ്രാഞ്ച് കോടതിയെ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...