ഓമനിച്ച് വളർത്തിയ സഹോദരൻ; മനോനില തെറ്റി ഉപദ്രവം; ഓർക്കാനിഷ്ടപ്പെടാതെ സുഭദ്ര

alappuzha-subhdra.jpg.image.845.440
SHARE

ഇന്നലെ നടന്നതൊന്നും ഓർക്കാനിഷ്ടപ്പെടുന്നില്ല സുഭദ്ര. ഓമനിച്ച് വളർത്തിയ സഹോദരനിൽ നിന്നാണ് ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നത്. ഇന്നലെ കാക്കനാട് തെരുവോരം പ്രവർത്തകരെത്തി കൊണ്ടുപോയ തണ്ണീർമുക്കം ഉമ്മണശേരിൽ സന്തോഷിന്റെ മൂത്ത സഹോദരിയാണ് 68 വയസുകാരി സുഭദ്ര.

1990ൽ ഉണ്ടായ വാഹനാപകടത്തെത്തുടർന്നാണു സന്തോഷിന് മനോദൗർബല്യമുണ്ടായത്. ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. അപകടശേഷം ആരോടും മിണ്ടാതായി. തലയ്ക്കേറ്റ ഗുരുതര പരുക്കുമൂലമാണ് മനോനിലയിലെ വ്യതിയാനമെന്നു കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. മൂത്ത സഹോദരനാണ് സന്തോഷിന്റെ ചുമതല ആദ്യം ഏറ്റെടുത്തത്. ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചതോടെ മക്കളുടെയും സന്തോഷിന്റെയും പരിചരണം ഒന്നിച്ചു കൊണ്ടുപോകാനായില്ല. അങ്ങനെയാണു സുഭദ്ര വീണ്ടും പരിചരണം ഏറ്റെടുത്തത്. 

സ്ഥിരമായി മരുന്നു കഴിക്കാൻ സന്തോഷ് തയാറായിരുന്നില്ല. ക്രമേണ അക്രമാസക്തനാകാനും തുടങ്ങി. കൃഷിപ്പണിക്കുള്ള ഉപകരണങ്ങളും മറ്റും പലയിടത്തുനിന്നും എടുത്ത് വീട്ടിൽ കൊണ്ടുവരും. പലരും മോഷണശ്രമത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചതോടെ വീട്ടുകാർക്ക് ആശങ്കയേറി. വിവാഹിതനെങ്കിലും കുഞ്ഞുണ്ടായതോടെ ഭാര്യ അവരുടെ വീട്ടിൽ പോയി. 4 വർഷം മുൻപു പലിശയ്ക്കു പണമെടുത്താണ് സന്തോഷിനായി, വീടിനു പുറത്ത് മുറി നിർമിച്ചത്. സുഭദ്രയുടെ മകൻ സുഭഗനും പരിചരിക്കാൻ കൂടും.

ചികിത്സയ്ക്കും വീട്ടുചെലവിനുമുള്ള പണം സുഭദ്ര വീടുകളിൽ ജോലിക്കുപോയാണ് കണ്ടെത്തുന്നത്. ''മറ്റു നിവൃത്തിയില്ലാത്തതിനാലാണു പൂട്ടിയിട്ടത്. എന്റെ രക്തമല്ലേ, ഇട്ടിട്ടു പോകാനൊക്കുമോ. ഞാൻ എടുത്തു വളർത്തിയ കുഞ്ഞാണ്. കാണുമ്പോൾ ചങ്ക് പറിയുന്നുണ്ട്'' സുഭദ്ര വിങ്ങുന്നു. 

നല്ല ചികിത്സ കൊടുക്കുമെന്നാണ് തെരുവോരം പ്രവർത്തകർ സുഭദ്രയെ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എസ്.സജീവിന്റെ ശ്രമത്തെ തുടർന്നായിരുന്നു നടപടി. 

MORE IN KERALA
SHOW MORE
Loading...
Loading...