‘ദമ്പതികളെന്ന ചട്ടക്കൂട് ഇനിയില്ല’: പിരിഞ്ഞ് രഹ്നയും മനോജും: കുറിപ്പ്

manoj-raahna-new
SHARE

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയും പങ്കാളി മനോജ് കെ.ശ്രീധറും ദാമ്പത്യബന്ധം പിരിയാൻ തീരുമാനിച്ചു. മനോജ് ആണ് സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. 

കുറിപ്പിൽനിന്ന്: ഞാനും ജീവിത പങ്കാളിയായ രഹ്നയും വ്യക്തി ജീവിതത്തിൽ വഴിപിരിയാൻ തീരുമാനിച്ചു. 17 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനമെടുക്കുമ്പോൾ കേരളം ഇന്നത്തേക്കാൾ കൂടുതൽ യാഥാസ്ഥിതികമായിരുന്നു. ലിവിങ് ടുഗതർ സങ്കൽപത്തിൽ ജീവിതം തുടങ്ങിയ ഞങ്ങൾ ക്രമേണ ഭാര്യാഭർതൃ വേഷങ്ങളിലേക്ക് തന്നെ എത്തിച്ചേർന്നു. കുട്ടികൾ, മാതാപിതാക്കൾ. ഞങ്ങൾ ഇരുവരും ചേർന്ന ഒരു കുടുംബ പശ്ചാത്തലത്തിൽ നമ്മുടെ റോളുകൾ മറ്റൊന്നുമല്ല.

ഈ സാമൂഹിക ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നിതിനടയിൽ ഞങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ മാറ്റിവയ്ക്കേണ്ടി വന്നിട്ടുണ്ട്. ജീവിതത്തില്‍ അവനവനു വേണ്ടി മാത്രം ജീവിക്കേണ്ട ഒരു തലമുണ്ട്. മനുഷ്യരത് ജീവിതത്തിൽ എപ്പോഴെങ്കിലും തിരിച്ചറിഞ്ഞ് അവരവരോടുതന്നെ നീതി പുലർത്തണം. സന്തുഷ്ടരായ മാതാപിതാക്കൾക്കേ കുട്ടികളോടും നീതിപൂർവം പെരുമാറാൻ സാധിക്കൂ.

മുകളിൽ പറഞ്ഞതു പോലെ ഞങ്ങൾ ഒരുമിച്ച് ജീവിതം തുടങ്ങിയ സമയത്ത് കുടുംബത്തിലെ ജനാധിപത്യം എന്നൊരാശയം ഞങ്ങൾക്കറിയില്ല. കുടുംബത്തിലെ ജനാധിപത്യം പ്രായോഗികമായി ബുദ്ധിമുട്ടാണ്, കാരണം അത്രത്തോളം വ്യക്തിപരമായ വികാരങ്ങളും സാമൂഹിക ഉത്തരവാദിത്തങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന ഒരിടമാണത്. 

എന്നിരുന്നാലും ഞങ്ങൾക്കാവുന്ന വിധം ഞങ്ങളുടെ ജീവിതവും രാഷ്ട്രീയവും സമന്വയിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര വ്യക്തികളായി പരസ്പരം കാണാൻ പരിമിതികൾ നിലനിന്നിരുന്നു. രണ്ട് വ്യക്തികൾക്ക് ഇടയിൽ പരസ്പരം ഒന്നിച്ചു ജീവിക്കാൻ എടുക്കുന്ന തീരുമാനം പോലെ തന്നെ  പരസ്പരം ബഹുമാനത്തോടെ പിരിയാനും കഴിയേണ്ടതുണ്ട്.

കുട്ടികളുടെ കാര്യങ്ങൾ ഉൾപ്പെടെയുള്ള കൂട്ടുത്തരവാദിത്തം എല്ലാം ഒന്നിച്ചു മുന്നോട്ട് പോകുവാനും ധാരണയായി. ബന്ധം പിരിയുന്നു എന്ന് പറയുമ്പോൾ അവിടെ പാർട്ണർഷിപ് പിരിയുന്നു, പരസ്പരമുള്ള അധികാരങ്ങൾ ഇല്ലാതാകുന്നു എന്ന് മാത്രമാണ് ഞങ്ങൾ മനസ്സിലാക്കുന്നത്. കുടുംബം എന്ന സങ്കൽപത്തിനകത്ത് സ്വതന്ത്ര വ്യക്തികൾ എന്ന ആശയത്തിന് നിലനിൽപ്പില്ല.

ഭാര്യ–ഭർത്താവ്, ജീവിത പങ്കാളി ഈ നിർവചനങ്ങളിൽ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയിൽനിന്ന് പരസ്പരം മോചിപ്പിക്കാൻ അതിൽ ബന്ധിക്കപ്പെട്ടവരുടെ ഇടയിൽ ധാരണ ഉണ്ടായാൽ മതി. ഞങ്ങളുടെ ബന്ധത്തെ ഞങ്ങൾ വ്യക്തിപരമായി പുനർ നിർവചിക്കുകയും വ്യക്തിപരമായി പുനർനിർമിക്കുകയും ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.

ഒരുമിച്ച് താമസിച്ചു നിർവഹിക്കേണ്ട തരത്തിലുള്ള ഉത്തരവാദിത്തങ്ങളൊന്നും ഇപ്പോൾ ഞങ്ങളുടെ ചുമലിലില്ല. ഞങ്ങൾ ദമ്പതികളെന്ന ചട്ടക്കൂടിന് പുറത്തുവന്ന് സ്വതന്ത്ര വ്യക്തികളായി പരസ്പരം തിരിച്ചറിയുകയും വേർപിരിയുകയും ചെയ്യുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...