വയനാട് മെഡിക്കൽ കോളജ്: മൂന്ന് സ്ഥലങ്ങളിൽ പരിശോധന; റിപ്പോർട്ട് നാളെ

wayanad-medical-college
SHARE

വയനാട് മെഡിക്കൽ കോളേജ് എവിടെ നിർമ്മിക്കാമെന്നത് സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്‌ നാളെ സർക്കാരിന് സമർപ്പിക്കും. മൂന്ന് സ്ഥലങ്ങളിൽ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി ഈ സർക്കാർ  ഉപേക്ഷിച്ച മടക്കിമലയിലെ ഭൂമിയിലും സംഘമെത്തി.  

ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ നേരത്തെ സർക്കാർ ഏറ്റെടുത്ത  തവിഞ്ഞാൽ ബോയ്സ് ടൗണിലെ ഭൂമിയാണ് പരിഗണിക്കുന്ന ഒരിടം. കലക്ടർ, ഡിഎംഒ, മണ്ണ് സംരക്ഷണവിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് പരിശോധന സംഘത്തിലുള്ളത്. അറുപത്തഞ്ചേക്കർ സ്ഥലമാണ് ഇവിടെയുള്ളത്. വയനാട് കണ്ണൂർ  അതിർത്തി പ്രദേശമാണിത്.  ചുണ്ടേൽ ചേലോട് എസ്റ്റേറ്റിലും വിദഗ്ധ സംഘമെത്തി. സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുക്കാനുള്ള നീക്കം  നടത്തുന്നതിന് മുമ്പ് സർക്കാർ പരിഗണിച്ച ഭൂമിയാണ് ചേലോട്. 

മെഡിക്കൽ കോളജിനായി സൗജന്യമായി ലഭിച്ച മടക്കിമലയിലെ അമ്പതേക്കർ ഭൂമിയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ  തുടങ്ങിയിരുന്നു. എന്നാൽ പ്രകൃതിക്ഷോഭ സാധ്യതയുണ്ടെന്ന റിപ്പോർട്ട്‌  ചൂണ്ടികാട്ടി  ഈ സർക്കാർ ഇവിടെയുള്ള പദ്ധതി ഉപേക്ഷിച്ചു. 

ഈ  ഭൂമിയിലും വിദഗ്ധ സമിതി പരിശോധന നടത്തിയത് ശ്രദ്ധേയമാണ്.  അനുയോജ്യമായ ഭൂമി ഏതെന്ന റിപ്പോർട്ട് നാളെ സർക്കാരിന് സമർപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.  തിരഞ്ഞെടുത്ത  സ്ഥലത്ത്  അടുത്ത മാസം ആദ്യം തന്നെ തറക്കല്ലിട്ടേക്കും. ജില്ലയുടെ പ്രധാന ആവശ്യമായ  മെഡിക്കൽ കോളേജ് നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ വിമർശനം ശക്തമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...