മുല്ലപ്പള്ളി സീറ്റ് ഉന്നമിടുമ്പോള്‍; അറിയണം ഒറ്റയാന്‍‘നേട്ട’ങ്ങളുടെ ആ അമ്പതാണ്ടുകള്‍

mullappally-political-life
SHARE

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  ഇതാദ്യമായി നിയമസഭയിലേക്ക് മല്‍സരിക്കാന്‍ ഒരുങ്ങുമ്പോള്‍ അദ്ദേഹത്തിന്‍റെ അമ്പതാണ്ട് നീണ്ട രാഷ്ട്രീയജീവിതത്തിലൂടെ ഒരു നടത്തം

മുല്ലപ്പള്ളി  രാമചന്ദ്രന്‍ ഇനി  തിരഞ്ഞെടുപ്പില്‍  മത്സരിക്കണമോയെന്ന് ചോദിക്കുന്നതിന് ഒരു രാഷ്ട്രീയസാഹചര്യമുണ്ട്. ഇനിയും തീയതി പ്രഖ്യാപിക്കാത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പേരും  മണ്ഡലവും  മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നതാണത്. അപ്പോഴാണ് സാധ്യതാസ്ഥാനാര്‍ഥിയുടെ ഊരും നാളും ചിലരെങ്കിലും അന്വേഷിക്കുന്നത്.  കോണ്‍ഗ്രസായാല്‍  ഗ്രൂപ്പും ചോദിക്കണം. വടകരക്കാരന്‍  മുല്ലപ്പള്ളിയുടെ ഗ്രൂപ്പ്  സ്വന്തം ഗ്രൂപ്പ് മാത്രമാണെന്ന് അദ്ദേഹവും നാട്ടുകാരും  പറയും. ഗ്രൂപ്പില്ലാ കോണ്‍ഗ്രസുകാരന്‍റെ  മേന്മയില്‍ സ്ഥാനമാനങ്ങള്‍  കോണ്‍ഗ്രസില്‍  തരമാവണമെങ്കിലത് സവിശേഷമായൊരു സാഹചര്യമാണ്. 

ഗ്രൂപ്പില്ലാക്കാലത്തിലേക്ക്  മുല്ലപ്പള്ളി  എത്തിപ്പെട്ടത് അതിതീവ്രഗ്രൂപ്പ്  വിധേയത്വത്തിന്റെ  രാഷ്ട്രീയത്തിലൂടെയാണെന്നത് ചരിത്രം. കെ.കരുണാകരനുമായി അകന്നില്ലായിരുന്നുവെങ്കില്‍ താന്‍  പണ്ടേ കെപിസിസി അധ്യക്ഷനാവേണ്ടതായിരുന്നുവെന്ന മട്ടില്‍   അദ്ദേഹം ഈയിടെ നടത്തിയ പ്രസ്താവനയാണ് ഈ  കണ്ടെത്തലിന് ആ‌ധാരം. 1970ല്‍  യൂത്ത് കോണ്‍ഗ്രസ്   കോഴിക്കോട് ജില്ലാ പ്രസി‍ന്റായത്    വെച്ച്  എണ്ണിയെടുത്താല്‍  അരനൂറ്റാണ്ടാണ്  മുല്ലപ്പള്ളിയുടെ കോണ്‍ഗ്രസ് ജീവിതം. 1944 ലെ  ജനനവര്‍ഷം വെച്ച് കൂട്ടിക്കിഴിച്ചാല്‍   77 ആണ്   പ്രായം. എന്നു വെച്ചാല്‍  ഇരുപത്തിയേഴാമത്തെ വയസ്സില്‍ അധികാരസ്ഥാനങ്ങളിലേക്കുള്ള യാത്ര തുടങ്ങിയെന്ന്  സാരം. 70 ലെ യൂത്ത് കോണ്‍ഗ്രസ്  ജില്ലാ പ്രസിഡന്റ്  സ്ഥാനം  77ല്‍  സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി മിനുക്കിയെടുക്കുന്നുണ്ട്.  77 മുതല്‍ 82 വരെയുള്ള കാലം ശ്രദ്ധിക്കണം.  അടിയന്തിരാവസ്ഥ കഴിയുന്നു. ഗുവാഹതി  എഐസിസിസിയില്‍ എകെ ആന്റണിയുടെ തെറ്റുതിരുത്തല്‍  പ്രസംഗം. ആദര്‍ശധീരതയുടെ മേലാപ്പിട്ട് ആന്റണിയും കൂട്ടരും  ഇന്ദിരാഗാന്ധിയെ  കയ്യൊഴിയുന്നു.  കയ്യാമം  വയ്ക്കപ്പെട്ട ഇന്ദിരക്കൊപ്പം  അന്ന്  കേരളത്തില്‍  കരുണാകരന്‍  മാത്രം.  ആളും പേരുമില്ലാത്ത  ഐ കോണ്‍ഗ്രസിനെ  വളര്‍ത്തിയെടുക്കാന്‍   കരുണാകരനൊപ്പം  അന്ന് നിന്നത്  മുല്ലപ്പള്ളിയും   ചെന്നിത്തലയും ജി.കാര്‍ത്തികേയനും മാത്രം. അതിതീവ്ര ഗ്രൂപ്പ് വിധേയത്വത്തില്‍ നിന്ന്  മുല്ലപ്പള്ളി പിന്നെ  വിടുതലെടുക്കുന്നത് കെ.മുരളീധരന്റെ രാഷ്ട്രീയവരവോടെയാണ്. പുത്രവാത്സല്യം  കരുണാകരനെ തളര്‍ത്തിയപ്പോള്‍ മറ്റു പലര്‍ക്കുമൊപ്പം മുല്ലപ്പള്ളിയും വഴി മാറി.

1984ല്‍  പാര്‍ട്ടിപദവികള്‍ വിട്ട മുല്ലപ്പള്ളി പിന്നെ  16 വര്‍ഷം പാര്‍ലിമെന്ററി രാഷ്ട്രീയത്തിന്റെ   കണക്കെടുത്തു.  84ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍  കണ്ണൂരിലെ ചെങ്കോട്ട  പിടിച്ചായിരുന്നു വരവ്‍. 99 വരെ അഞ്ചു തിരഞ്ഞെടുപ്പുകളില്‍  മണ്ഡലം നിലനിര്‍ത്തി.  ഇടയ്ക്ക്  കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയായി.  99ല്‍  സി പി എമ്മിന്‍റെ  എ.പി.അബ്ദുല്ലക്കുട്ടി കോടിയേരിയുടെ  അത്ഭുതക്കുട്ടിയായപ്പോള്‍  കണ്ണൂരില്‍    കാലിടറി.  അപ്പോഴേക്കും സംഘടനാസംവിധാനത്തില്‍  മുല്ലപ്പള്ളി ആരുമല്ലാതായിതീര്‍ന്നിരുന്നു.  പാര്‍ട്ടിയുണ്ടാക്കിയ  നേതാവ് കെപിസിസി ജനറല്‍ സെക്രട്ടറിയായി അപ്രസ്ക്തനായി.  അഞ്ചുവര്‍ഷത്തെ  അലച്ചിലിനൊടുവില്‍  2005ല്‍ വൈസ് പ്രസിഡന്റായി  പ്രമോഷന്‍ കിട്ടി.  

Mullappally-congress

യുപിഎയുടെ രണ്ടാമൂഴത്തില്‍  മുല്ലപ്പള്ളി  2009ല്‍ വടകര മണ്ഡലത്തിലിറങ്ങി.  അര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന്  ഇടതുമുന്നണിയുടെ കുത്തക തകര്‍ത്തു. കേന്ദ്രത്തില്‍ ആഭ്യന്തരസഹമന്ത്രിയായി.  പക്ഷെ  2014ല്‍  ഭൂരിപക്ഷം അര ലക്ഷത്തില്‍ നിന്ന്  5000 ആയി കുറഞ്ഞപ്പോള്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്കില്ലെന്ന് ഒരലങ്കാരത്തിന് പറഞ്ഞു വെച്ചു.  2019ല്‍ മുല്ലപ്പള്ളി  അനാഥമാക്കിയ  വടകരയെ  രക്ഷപ്പെടുത്താന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് കെ.മുളീധരനെ  ഇറക്കേണ്ടി വന്നു. വടകര  കിട്ടി, പക്ഷെ വട്ടിയൂര്‍ക്കാവ്  പാര്‍ട്ടിക്ക് പോയി.  ഇനി കിട്ടുമെന്ന്  പ്രതീക്ഷയുമില്ല. 

വടകരയിലിറങ്ങിയ മുരളീധരനും വടകരക്കാരനായ മുല്ലപ്പള്ളിയും ഇന്ന് രണ്ടു വഴിക്കാണ്. ഹൈക്കമാന്റ്  ബന്ധങ്ങളാണ്  ഇംഗ്ളീഷ് പേശുന്ന മുല്ലപ്പള്ളിയുടെ എക്കാലത്തെയും മരുപ്പച്ച.  അങ്ങിനെയാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കിയെടുത്ത തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ  അധ്യക്ഷനാകുന്നത്. 

2016 നിയമസഭാതിരഞ്ഞെടുപ്പില്‍  തോറ്റമ്പിയപ്പോള്‍  വിഎം സുധീരന്റെ കെപി സിസി അധ്യക്ഷസ്ഥാനത്തിന് എതിരാളികള്‍ പുകയിട്ടു. പുറത്ത്  ചാടിയ  സുധീരന്  പകരക്കാരനായി ഹസ്സനെത്തി.  കേരളയാത്ര നടത്തിക്കൊണ്ടിരുന്ന കെപിസിസി  അധ്യക്ഷനെ  വഴിമധ്യേ  ഇറക്കി വിട്ടപ്പോഴാണ്   2018ല്‍        മുല്ലപ്പള്ളി  പകരക്കാരനാകുന്നത്. രണ്ടു വര്‍ഷമാകുന്നു.

mullappally-ramachadran-01

അര നുറ്റാണ്ടിനിടയില്‍  മുല്ലപ്പള്ളി കയറിയിറങ്ങാത്ത അധികാരകേന്ദ്രം  കേരളനിയമസഭ മാത്രം. ഡല്‍ഹിയില്‍  പറഞ്ഞുകേള്‍ക്കുന്നത്  ശരിയാണെങ്കില്‍  അവിടേക്കാണ് മുല്ലപ്പള്ളിയുടെ  ഇനിയത്തെ  യാത്ര.  ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം   കൂട്ടത്തിലുണ്ടാവും.  ഭൂരിപക്ഷമൊത്താല്‍  മുഖ്യമന്ത്രിയെ അപ്പോള്‍  തീരുമാനിക്കാമെന്ന്   ഹൈക്കമാന്‍ഡ്  പറഞ്ഞിടത്ത് സ്വപ്നങ്ങള്‍  എല്ലാവര്‍ക്കും  ഒരേ പോലെ.  

താനൊരു  വികാരജീവിയാണെന്ന്  മുല്ലപ്പള്ളി ഇടയ്ക്കിടെ പറയും.  

വികാരപ്രകടനത്തിന്  കടിച്ചാല്‍ പൊട്ടാത്ത  വാക്കുകള്‍  തുരുതുരെ  പറയും.  മാധ്യമപ്രവര്‍ത്തകരെ  ഇംഗ്ളിഷില്‍ പുലയാട്ടും. വനിതാമന്ത്രിയെ  കോവിഡ് റാണിയെന്നും നിപ്പാരാജകുമാരിയെന്നും അധിക്ഷേപിക്കും.  പീഡിപ്പിക്കപ്പെട്ട വനിതകള്‍  സ്വയം  ജീവനൊടുക്കണമെന്ന്  ഉപദേശിക്കും.  സാമൂഹികമര്യാദയുടെ   ആക്ഷേപം  കനത്താല്‍  ഖേദം പ്രകടിപ്പിക്കും.  തിരഞ്ഞെടുപ്പില്‍  സ്വന്തം വാര്‍ഡില്‍ വിമതനെ ഇറക്കി  പാര്‍ട്ടിയെയും മുന്നണിയെയും തോല്‍പ്പിക്കും. പാര്‍ട്ടിയില്‍  ഇരട്ടപ്പദവി  പാടില്ലെന്ന് പറയുമ്പോഴും  പാരലലായി സ്ഥാനാര്‍ഥി ശ്രമങ്ങള്‍  സജീമവാക്കും.

ജനാധിപത്യപരീക്ഷണങ്ങളില്‍ എന്തിനും  പോന്ന  നേതാവാണ് മുല്ലപ്പള്ളി.  ഈ  നേതാവിലേക്ക്  പാര്‍ട്ടിയും   നിലപാടും  മുന്നണിമര്യാദകളും ഒന്നായി അലിഞ്ഞു ചേരും. ഈ ഒറ്റയാന്‍വഴികളില്‍  പക്ഷെ  ഈ നേതാവിന് രാഷ്ട്രീയനേട്ടങ്ങളാണ്  ഏറെയും.   

MORE IN KERALA
SHOW MORE
Loading...
Loading...