ഉസ്താദ് അംജദ് അലിഖാന്‍ സംഗീത സ്കൂള്‍ ഉപേക്ഷിക്കാനിടയായതില്‍ വ്യാപകപ്രതിഷേധം

amjadfollow9
SHARE

പ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് തുടങ്ങാനിരുന്ന രാജ്യാന്തര സംഗീത സ്കൂള്‍ ഉപേക്ഷിക്കാനിടയായതില്‍ വ്യാപകപ്രതിഷേധം. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭൂമി സൗജന്യമായി നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചത്  കലാകാരനെ അപമാനിക്കുന്ന സമീപനമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുറ്റപ്പെടുത്തി. എന്നാല്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍  ഭൂമി അനുവദിച്ച് ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെ  കൈമാറിയില്ല. മാത്രവുമല്ല ഭൂമിക്ക് വര്‍ഷംതോറും പതിനഞ്ച് ലക്ഷം രൂപ വാടകയും ചോദിച്ചു. ഇതോടെയാണ് ആഗ്രഹം ഉപേക്ഷിക്കുന്നതായി അറിയിച്ച് അദേഹം സര്‍ക്കാരിന് കത്തെഴുതിയത്. ഇതോടെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയത്. 

കേരളത്തിന് ലഭിക്കുന്ന അംഗീകാരം എന്ന നിലയിലാണ് ഭൂമി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചതെന്ന് പദ്ധതിക്ക് തുടക്കമിട്ട ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍ സംഗീത സ്കൂള്‍ വേളിയില്‍ തന്നെ തുടങ്ങണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്നും അംജദ് ഖാന് വഴിയടച്ചിട്ടില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കുന്നതിലെ വ്യവസ്ഥപ്രകാരമാവാം പണം ആവശ്യപ്പെട്ടതെന്നും അത് പരിഹരിക്കാനാവുമെന്നുമാണ് മന്ത്രിയുടെ നിലപാട്.

പക്ഷെ സര്‍ക്കാര്‍ പ്രതിനിധി കൂടി അംഗമായ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാവണം സ്കൂളെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...