കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പഠനം നടത്തുമെന്ന് ടി.എം.തോമസ് ഐസക്

kochi4
SHARE

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിദേശ വിദഗ്ധരെകൂടി ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. സംസ്ഥാന ബജറ്റിന് പിന്നാലെ സംഘടിപ്പിച്ച 'ധനമന്ത്രി കൊച്ചിക്കൊപ്പം' എന്ന പരിപാടിയിൽ മേയർ എം.അനിൽകുമാറിന്റെ അഭ്യർഥനയിലാണ് തോമസ് ഐസക്കിന്റെ മറുപടി. ‍കൊച്ചിക്ക് വേണ്ടതൊക്കെ ബജറ്റിലുണ്ടെന്നും അത് നടപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നും തോമസ് ഐസക് പറഞ്ഞു.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ പഠിക്കാൻ നെതർലൻഡിലെ റിട്ടയേർഡ് എൻജിനീയർമാർ സൗജന്യ സേവനം നൽകിയത് ചൂണ്ടിക്കാട്ടിയാണ് മേയർ എം.അനിൽകുമാർ കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനും സഹായം തേടിയത്. ഇത് പരിഗണിച്ചാണ് വെള്ളക്കെട്ട് ഒഴിവാക്കാൻ വിദേശ വിദഗ്ധരെകൂടി ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. കൊച്ചിയുടെ വികസനത്തിനായി നിർദേശങ്ങൾ സമർപിച്ച് എം.എൽ.എമാരും വ്യവസായികളും ധനമന്ത്രിക്ക് മുന്നിലെത്തി. കൊച്ചിക്ക് ഹരിത പ്രോട്ടോക്കോൾ വേണമെന്നായിരുന്നു പി.ടി.തോമസ് എംഎൽഎയുടെ നിർദേശം. ഒപ്പം ലഹരി മാഫിയക്ക് തടയിടണം.

പൊതുഗതാഗതത്തിലേക്ക് സകലരും മാറേണ്ട സാഹചര്യവും അതിന്റെ തടസവും വിശദീകരിച്ച് കെ.പി.എം.ജി ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ ഏലിയാസ് ജോർജ്.

എല്ലാകാലത്തും കൊച്ചിക്ക് വേണ്ട പരിഗണന ബജറ്റിൽ ഉണ്ടായിട്ടുണ്ടെന്നും അത് ഏറ്റെടുത്ത് നടപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്ത്വത്തിന് സർക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്നും ധനമന്ത്രി പ്രതികരിച്ചു.

വിജ്ഞാനാധിഷ്ടിത വ്യവസായങ്ങളാണ് സംസ്ഥാനത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമെന്ന് ബജറ്റിന്റെ തന്നെ ഉള്ളടക്കം ആവർത്തിച്ചായിരുന്നു ധനമന്ത്രി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...