
അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ ഭാവിയില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ലൈനുകളായി പരിഗണിക്കാമെന്ന കെ റെയില്‍ നിര്‍ദേശത്തിനെതിരെ സമരസമിതി. ഈ നിലപാട് ഇന്ത്യന്‍ റെയില്‍വേ അംഗീകരിക്കില്ലെന്നും അങ്ങനെയെങ്കില്‍ നിലവിലെ പാതയോട് ചേര്‍ന്നുതന്നെ സില്‍വര്‍ലൈന്‍ നിര്‍മിക്കണമെന്നും സമരസമിതി പറയുന്നു.
ഇന്ത്യന്‍ റെയില്‍വേയ്ക്ക് മൂന്നും നാലും ലൈനുകള്‍ നിര്‍മിക്കാന്‍ സ്ഥലം ഒഴിച്ചിട്ടുവേണം സില്‍വര്‍ലൈന്‍ പദ്ധതിക്ക് സ്ഥലം കണ്ടെത്താനെന്ന് ദക്ഷിണ റെയില്‍ വേ, കെ റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന കേന്ദ്ര പങ്കാളിത്തതോടെ നിര്‍മിക്കുന്ന സില്‍വര്‍ലൈന്‍ പിന്നീട് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഏറ്റെടുക്കാമെന്ന് കെ റെയില്‍ വ്യക്തമാക്കുന്നു. അങ്ങനെ സില്‍വര്‍ലൈന്‍ പാതകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മൂന്നും നാലും ലൈനുകളാക്കാം. എന്നാല്‍ ഇങ്ങനെയാണ് നിലപാടെങ്കില്‍ നിലവിലെ പാതയുടെ വളവ് മാത്രം നിവര്‍ത്തി ഇന്ത്യന്‍ റെയില്‍വേയുടെ സ്ഥലത്തുകൂടി തന്നെ സില്‍വര്‍ലൈനും നിര്‍മിക്കണമെന്ന് പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പറയുന്നു.
കെ റെയില്‍ നിലപാട് ഇന്ത്യന്‍ റെയില്‍വേ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് സമരമസിതി.പദ്ധതിയിലെ ആശയകുഴപ്പവും നയപരമായ തീരുമാനങ്ങള്‍ വൈകുന്നതും നിര്‍ദിഷ്ട പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.