ബിജെപി സ്ഥാനാർത്ഥിയായേക്കും: 4 മാസം കൂടി നന്നായി ഭരിച്ചാൽ ഭരണത്തുടർച്ച: ജേക്കബ് തോമസ്

jacob
SHARE

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങി മുൻ ഡിജിപി ജേക്കബ് തോമസ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരരം​ഗത്ത് ഉണ്ടാകുമെന്ന വ്യക്തമായ സൂചന ന ൽകുകയാണ് അദ്ദേഹം. ഇക്കുറി മത്സരരം​ഗത്ത് ഇറങ്ങാൻ തനിക്കൊരു തടസ്സവുമില്ലെന്നും. മനസ്സിൽ ഉള്ള മണ്ഡലം ഇരിഞ്ഞാലക്കുടയാണെന്നും ജേക്കബ് തോമസ് മനോരമ ന്യൂസ് ഡോട്കോമിനോട് പറ‍ഞ്ഞു. 

കഴിഞ്ഞ തവണ 20-20യുടെ സ്ഥാനാർഥിയായി ആണ് മത്സരരം​ഗത്ത് ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി എൻഡിഎയുടെ ഭാ​ഗമായി ആവും തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ തവണ സംസ്ഥാന സർക്കാർ വിആർഎസ് അം​ഗീകരിക്കാതിരുന്നതാണ് മത്സരിക്കാൻ സാധിക്കാതെ പോയത്. എന്നാൽ ഇരിഞ്ഞാലക്കുട എന്നത് എന്റെ മനസ്സിലുള്ള ആ​​ഗ്രഹം മാത്രമാണ്. പാർട്ടി നിശ്ചയിക്കുന്നിടത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ തവണ ട്വന്റി- ട്വന്റി, ഇക്കുറി ബിജെപി..? 

അതെ, ഇക്കുറി എൻഡിഎയുടെ ഭാ​ഗമായി തിരഞ്ഞെടുപ്പ് രം​ഗത്ത് സജീവമായി ഉണ്ടാകും. അത് ചിലപ്പോൾ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ വേണ്ടി പ്രചരണരം​ഗത്ത് മാത്രമായിരിക്കും. നല്ല ഭരണമാറ്റത്തിന് വേണ്ടി പ്രവർത്തിക്കും. 

മൂന്ന് വർഷം കൊണ്ട് രണ്ട് പാർട്ടി..? 

ഞാൻ ആദ്യം രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പാർട്ടി എന്ന നിലയിൽ ട്വന്റി ട്വന്റി എന്ന പ്രസ്ഥാനത്തോട് വളരെ യോജിപ്പാണ് എന്നാൽ ആ പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ദേശീയതയിൽ ഊന്നിയ ഒരു പാർട്ടിയുടെ ഭാ​ഗം ആകാനാണ് താൽപര്യം. എൻഡിഎ പോലെ നിലവിൽ ദേശീയ ശ്രദ്ധകിട്ടുന്ന മറ്റ് പാർട്ടികൾ ഇല്ല. എല്ലാത്തരം വൈവിധ്യവും ഉൾക്കൊള്ളുന്ന 40ഒാളം പാർട്ടികൾ എൻഡിഎയുടെ ഭാ​ഗമാണ് എന്നതും വലിയൊരു പ്രത്യേകതയാണ്. 

ഊന്നിപ്പറയുന്ന ദേശീയതയ്ക്ക് ഒരു അപകടമില്ലേ.. 

ദേശീയത ഒരു രാജ്യത്തിന് അത്യാവിശ്യമായ ഘടകം തന്നെയാണ്, എന്നാൽ അതിനൊരു അടിസ്ഥാനം വേണം. പാലക്കാട് ന​ഗരസഭയിലുണ്ടായത് പോലുള്ള സംഭവങ്ങൾ ആവേശത്തിന്റെ പുറത്ത് ഉണ്ടായതാണ്. അങ്ങനെയുള്ള രാജ്യത്തിന്റെ പലഭാ​ഗത്ത് നടക്കുന്ന സംഭവങ്ങൾ ദേശീയതയുമായി കൂട്ടികുഴയ്ക്കാൻ ആവില്ല. 

സംസ്ഥാന സർക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമോ..?

ഇനിയുള്ള നാല് മാസം സർക്കാർ മികച്ച പ്രകടനം കാഴ്ചവെക്കുകയാണെങ്കിൽ ഭരണത്തുടർച്ചയ്ക്ക് സാധ്യതയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വിജയ ഫോർമുല ആയിരുന്നത് സ്ഥാനാർത്ഥി നിർണയമാണ്. അത്തരത്തിലുള്ള നീക്കം നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുകയാണെങ്കിൽ സാധ്യതയുണ്ട്. മറ്റ് മുന്നണികളും സ്ഥാനാർത്ഥി നിർണയത്തിൽ ശ്രദ്ധചെലുത്തിയാൽ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറും. കിറ്റും , ക്ഷേമ പെൻഷനും ജനങ്ങളുടെ പണമാണെങ്കിലും സർക്കാരിന്റെ മുഖം ചിത്രം മാറ്റി. 21 വയസ്സുകാരിയെ പോലും മേയർ ആക്കാൻ കാണിച്ച ധൈര്യം സർക്കാരിന് വലിയ മൈലേജ് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. 

ബിജെപി, യുഡിഎഫ് തിരഞ്ഞെടുപ്പ് സാധ്യതകൾ..? 

ഭരണത്തിലുള്ള സർക്കാരിന് തീർച്ചയായും ഒരു മേൽകൈ തിരഞ്ഞെടുപ്പിൽ ഉണ്ട്. എന്നാൽ ഇക്കുറി ന്യൂനപക്ഷ- ഭൂരിപക്ഷ ഭേദമില്ലാതെ ​ എല്ലാത്തരം ജനങ്ങളും ബിജെപിയോട് അടുക്കും. സ്ഥാനാർഥി നിർണയം മികച്ചതാണെങ്കിൽ എൻഡിഎക്ക് വിജയം ഉണ്ടാകും. ഒരു 20- ട്വന്റിക്കാകുമെങ്കിൽ എൻഡിഎക്ക് എന്തുകൊണ്ട് ഭരണം പിടിക്കാൻ ആകില്ല..? കേരളത്തിലെ ജനങ്ങൾക്ക് സ്ഥായിയായ എൽഡിഎഫ്-യുഡിഎഫ് സേന്ഹമില്ല. എന്നാൽ യുഡിഎഫിന് കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനാൽ കാര്യങ്ങൾ അവർക്ക് പ്രതികൂലമാണ്. മികച്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മാത്രമെ ഇരുകൂട്ടർക്കും വിജയം ഉണ്ടാക്കാൻ ആകു.

MORE IN KERALA
SHOW MORE
Loading...
Loading...