വനിതാ പോളിങ് ഓഫിസറുടെ കാർ അർധരാത്രി കുഴിയിൽ വീണു; സഹായിച്ചവർക്ക് മർദനം

polling-officer-car
SHARE

കോട്ടയം: തിരഞ്ഞെടുപ്പു ജോലി കഴിഞ്ഞ് വ്യാഴാഴ്ച അർധരാത്രിയോടെ വീട്ടിലേക്കു മടങ്ങിയ വനിതാ പോളിങ് ഓഫിസറുടെ കാർ റോഡരികിലെ കുഴിയിലേക്കു ചെരിഞ്ഞു. കാർ കരയ്ക്കു കയറ്റാൻ സഹായിച്ചവരെ മദ്യപസംഘം മർദിച്ചു. സ്ഥലത്തെത്തിയ പൊലീസിനു നേരെയും ആക്രമണം. സിഎംഎസ് കോളജ് റോഡിൽ ചാലുകുന്നിലാണു സംഭവം. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എംജി സർവകലാശാലാ ഉദ്യോഗസ്ഥയും അതിരമ്പുഴ ബൂത്തിലെ പോളിങ് ഓഫിസറുമായിരുന്ന കാരാപ്പുഴ സ്വദേശിനിയുടെ കാറാണു ചാലുകുന്നിൽ കുഴിയിൽ വീണത്. റോ‍ഡരികിലെ വീടിനോടു ചേർന്ന മതിലിൽ ഇടിച്ചാണു കാർ നിന്നത്.

പിന്നാലെ മറ്റൊരു വാഹനത്തിൽ എത്തിയവർ ഇതു കണ്ടു സഹായിക്കാൻ ഇറങ്ങി. കാർ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉടനെ സമീപത്തുള്ള നാട്ടുകാരിൽ ചിലർ കാർ സ്റ്റാർട്ടാക്കി കുഴിയിൽ നിന്നു മാറ്റി. ഈ സമയം കാറിന്റെ ടയർ കുഴിയിലും റോഡിലും ഉരസി പൊട്ടി. ഇതോടെ ആദ്യത്തെ സംഘവും നാട്ടുകാരും തമ്മിൽ തർക്കമായി. തർക്കം അടിപിടിയിലായി. 

ഈ സമയം അതുവഴിയെത്തിയ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ.അരുൺ സംഭവം ഒത്തുതീർക്കാൻ ശ്രമിച്ചു. എന്നാൽ ആദ്യസംഘത്തിലെ 3 പേർ ചേർന്ന് അരുണിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തു. ഇതു കണ്ട് ഓടിയെത്തി പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസ് ജീപ്പിന്റെ ഡ്രൈവർ ജോൺ തോമസിനെ അക്രമികൾ കൈക്കു കടിച്ചു പരുക്കേൽപിച്ചു.

അക്രമികളെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ  ഏൽപിച്ചു. ബാങ്ക് ജീവനക്കാരൻ അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, ഇദ്ദേഹത്തിന്റെ സഹോദരനും മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയമണിക്കൽ ഹേമന്ത് ചന്ദ്ര എന്നിവരെയാണു സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. മദ്യപിച്ചു രാത്രി നഗരത്തിൽ കറങ്ങാനിറങ്ങിയതാണ് ഇവരെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ ജോലിക്കു തടസ്സം ഉണ്ടാക്കിയതിനും ആക്രമിച്ചതിനുമാണു കേസ്.

MORE IN KERALA
SHOW MORE
Loading...
Loading...