തിരുമ്മുചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർഥി വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ

mahesh-death
SHARE

മൂലമറ്റം: തിരുമ്മുചികിത്സയ്ക്ക് എത്തിയ പ്ലസ്ടു വിദ്യാർഥിയായ ആദിവാസി ബാലനെ വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്– ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണു മരിച്ചത്. പൂമാല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയാണ്. 

കുടയത്തൂരിൽ വാടകവീട്ടിൽ താമസിച്ചു തിരുമ്മുചികിത്സ നടത്തുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിലാണു മഹേഷ് മരിച്ചത്. 

പുലർച്ചെ നാലോടെയായിരുന്നു മരണം. ഈ സമയത്തു മഹേഷിന്റെ അച്ഛനും അമ്മാവനും കൂടെയുണ്ടായിരുന്നു. വൈദ്യർ തന്നെയാണു മരണവിവരം പൊലീസിൽ അറിയിച്ചത്. മഹേഷ് 4 മാസം മുൻപു വീടിനു സമീപം വീണിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുണ്ടെന്നു മഹേഷ് പറഞ്ഞിരുന്നു. 

ഇതിന്റെ ചികിത്സകൾക്കായി കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടർ എക്സ്റേ എടുത്തു നോക്കണമെന്നു പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ എക്‌സ്‌റേ എടുക്കാതെ അമ്മാവന്റെ പരിചയക്കാരായ കുടയത്തൂരുള്ള നാട്ടുവൈദ്യന്റെ അടുത്തു തിരുമ്മുചികിത്സയ്ക്കായി വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി. ഇന്നലെ പുലർച്ചെ നാലോടെ മഹേഷിനെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.

കാഞ്ഞാർ പൊലീസ് വൈദ്യന്റെ വീട്ടിലെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നു കാഞ്ഞാർ പൊലീസ് പറഞ്ഞു. കാഞ്ഞാർ എസ്ഐ കെ.ആർ.ശിവപ്രസാദ്, എഎസ്‌ഐ കെ.എച്ച്.ഉബൈസ്, സിവിൽ പൊലീസ് ഓഫിസർ ടി.എസ്.സെൽമ എന്നിവർ മേൽനടപടികൾ പൂർത്തിയാക്കി. വൈദ്യർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

MORE IN KERALA
SHOW MORE
Loading...
Loading...