മാല പൊട്ടിച്ച് ബൈക്കിലിരുന്ന് തുടരെ അതിവേഗം വേഷം മാറും; അതുക്കും മീതെ പൊലീസ് ബുദ്ധി

theft-kayamkulam
SHARE

കായംകുളം: കരീലക്കുളങ്ങരയിലെ മാല മോഷണക്കേസിലെ പ്രതികളെ പിടികൂടാൻ ഇറങ്ങിയ പൊലീസിന് ഒട്ടേറെ കേസുകളുടെ തുമ്പ് ഉണ്ടാക്കാൻ കഴിഞ്ഞു. കൊല്ലം സ്വദേശികളായ അജിത്ത് (അച്ചു–24), ഷാജഹാൻ (25), പ്രേമൻ (35), സെയ്ദാലി (21), ജയൻ (24) എന്നിവരെയാണ് മാല മോഷണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം ജില്ലയിലും സമീപ ജില്ലകളിലെയും പല ബൈക്ക് മോഷണക്കേസിലെയും പിടിച്ചു പറി കേസുകളിലേയും പ്രതികളാണ് ഇവർ.  ഇവർ വൻ വാഹന മോഷണ, മയക്കുമരുന്ന് ശൃംഖലയുമായി ബന്ധം പുലർത്തി വരുന്നവരാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇടവഴികളിലുടെ യാത്ര ചെയ്ത് സ്ത്രീകളുടെ മാലയോ പഴ്സോ കവർന്ന ശേഷം അമിത വേഗതയിൽ സംഭവ സ്ഥലത്ത് നിന്നും കടന്ന് സുരക്ഷിത താവളങ്ങളിൽ എത്തുകയാണ് പതിവ്‌.

ഇങ്ങനെ കിട്ടുന്ന പണം ഉപയോഗിച്ച്  ലഹരി വസ്തുക്കളുടെ വ്യാപാരം  നടത്തി ആർഭാട ജീവിതം നയിച്ച് വരികയായിരുന്നു സംഘം. സംസ്ഥാനത്തിന്റെ മറ്റ്‌ ഭാഗങ്ങളിൽ നിന്നും മോഷ്ടിച്ച ബൈക്കുകളാണ് ഇവർ പിടിച്ച് പറിക്കായി ഉപയോഗിച്ചിരുന്നത്. ഇതിന് ശേഷം ബൈക്കുകൾ ഒളിപ്പിച്ചു വയ്ക്കുകയോ  ആക്രികടകളിൽ വിൽക്കുകയോ ചെയ്യുക ആണ് പതിവ്.

പ്രതികളെ പിടികൂടാൻ കഴിഞ്ഞതോടെ  കൊല്ലം ജില്ലയിലും  ഇതര ജില്ലകളിലും പല കേസുകളുടെ അന്വേഷണത്തിന് തുമ്പുണ്ടായിരിക്കുകയാണെന്ന് കായംകുളം ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു. കഴിഞ്ഞ  രണ്ടിന് കരീലക്കുളങ്ങര പുത്തൻറോഡ് ജംക്‌ഷനിൽ കട നടത്തുന്ന പുഷ്പവല്ലിയുടെ രണ്ടരപവന്റെ മാലയാണ് സംഘം കവർന്നത്.വെള്ളം വാങ്ങാനെന്ന വ്യാജേന കടയിലെത്തി മാല പൊട്ടിച്ച് ബൈക്കിൽ കടക്കുകയായിരുന്നു.

ബൈക്കിലിരുന്ന് വേഷം മാറും

മാല മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ സംഘം പ്രഫഷനൽ മോഷ്ടാക്കളെ വെല്ലുന്ന തരത്തിലാണ് മോഷണ പരമ്പരകൾ നടത്തി വന്നിരുന്നതെന്ന് പൊലീസ്. കൃത്യം നടത്തിയ ശേഷം അമിത വേഗതയിൽ പായുന്ന ഇവർ വാഹനത്തിൽ ഇരുന്നു കൊണ്ട് തന്നെ വേഷം മാറുകയാണ് പതിവ്. കരീലക്കുളങ്ങരയിൽ നിന്ന് മാല പൊട്ടിച്ചെടുത്ത ഇവർ ദേശീയ പാതയിലേക്ക് കടക്കാതെ എതിർ ദിശയിലേക്ക് പോവുകയും ഇവിടെ നിന്നും ഇടറോഡുകളിലൂടെ കടന്ന് ദേശീയപാതയിൽ കയറി രക്ഷപെടുകയുമായിരുന്നു.

ഇതിനിടയിൽ ഇവർ പല പ്രാവശ്യം വേഷം മാറി. മോഷണ ശേഷം  തുടരെ വേഷം മാറുകയാണ് ഇവരുടെ രീതി. പൊലീസിനെ കുഴപ്പിക്കാനായാണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞാലും അമിത വേഗത  കൊണ്ട് തിരിച്ചറിയാനും പൊലീസിന് കഴിയാതെ വരും. കഴിഞ്ഞ 2ന് 11.15ന് കൃത്യം നിർവഹിച്ച് കടന്നു കളഞ്ഞ ഇവർ 23 മിനിട്ട് കൊണ്ടാണ് 38 കിലോമീറ്റർ താണ്ടി ചവറയിൽ എത്തിയത്.

കരീലക്കുളങ്ങര പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർസഞ്ചരിച്ചിരുന്ന ബൈക്ക് വെളിയത്ത് നിന്നും മോഷ്ടിച്ചതാണെന്ന് മനസിലായി. ഈ സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസും ഉണ്ടായിരുന്നു. മോഷ്ടിച്ച ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റി സാധാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇവർ കൃത്യം നടത്തുന്ന സമയത്ത് യഥാർഥ നമ്പർ പ്ലേറ്റാണ് ഉപയോഗിക്കുന്നത്.

അന്വേഷണം വാടകവീട് കേന്ദ്രീകരിച്ച്

തിരഞ്ഞെടുപ്പ് തിരക്കിനിടയിലും പൊലീസ് സമർഥമായി പഴുതുകൾ അടച്ച് നടത്തിയ അന്വേഷണത്തിലാണ്  പ്രതികളെ പിടികൂടാൻ കഴിഞ്ഞത്.  ചവറയിലുള്ള സിസിടിവി ദൃശ്യത്തിലാണ് അവ്യക്തമായെങ്കിലും ഇവർ പതിഞ്ഞത്. ഇതിലെ താടിയുള്ള പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന് വാഹന നമ്പർ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ബൈക്കാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് പൊലീസ് ചവറ മുതൽ നീണ്ടകര വരെയുള്ള ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സമീപമുള്ള വട്ടച്ചിറ ഭാഗം മുഴുവൻ അരിച്ച് പെറുക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് ചവറ പൊലീസ് സ്റ്റേഷന് സമീപമുള്ള പള്ളിയോട് ചേർന്നുള്ള വീട്ടിൽ ചെറുപ്പക്കാർ വാടകയ്ക്ക് താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് പള്ളിയുടെ ഹാളിലിരുന്ന് ഒരു ദിവസം മുഴുവൻ നീരീക്ഷിച്ചതിന് ശേഷമാണ്  ഇവരെ പിടികൂടിയത്. 

തുടർന്ന് ഇവർ നൽകിയ വിവരം അനുസരിച്ചാണ് മറ്റു സംഘാംഗങ്ങളെ പറവൂരിൽ നിന്നും പിടികൂടിയത്.  ചവറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും ഇവർ പണയം വെച്ച   മാലയും വീട്ടിൽ നിന്നും വ്യാജ നമ്പർ പ്ലേറ്റുകളും കൃത്യം നടത്താൻ ഉപയോഗിച്ച വസ്ത്രങ്ങളും   കണ്ടെടുത്തു. കരീലക്കുളങ്ങര സിഐ എസ്.എൽ.അനിൽകുമാർ, സിപിഒമാരായ എസ്.ആർ.ഗിരീഷ്, മണിക്കുട്ടൻ, പ്രദീപ്, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡിലെ അംഗങ്ങളായ ഇല്ല്യാസ്, സന്തോഷ്, ഹരികൃഷ്ണൻ, മുഹമ്മദ് ഷാഫി, രജീന്ദ്രദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

പൊലീസിനെ വെട്ടിച്ച് ബൈക്ക് പറവൂരിൽ എത്തിച്ചു

മാല മോഷണ പ്രതികൾ ചവറ വിട്ടു പോയിട്ടില്ലെന്ന് മനസിലാക്കിയ പൊലീസ് നിരീക്ഷണം ശക്തമാക്കിയെങ്കിലും പൊലീസിനെ വെട്ടിച്ച് ഇവർ ബൈക്ക് കൊല്ലം പറവൂരിൽ എത്തിച്ചത് പൊലീസിനെയും അതിശയിപ്പിച്ചു. അപ്പോൾ വ്യാജ നമ്പർ പ്ലേറ്റാണ് ഇവർ ഉപയോഗിച്ചിരുന്നത്. കൊല്ലം പരവൂർ വാറുവിള കൂനയിൽ ജയന്റെ വീട്ടിലാണ് ഇവർ പൊലീസിനെ വെട്ടിച്ച് ബൈക്ക് എത്തിച്ചത്. സെയ്ദലിയെയും പ്രേമനെയും ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് ഇവർ താമസക്കുന്നിടത്ത് ഇല്ലെന്നും അന്ന് തന്നെ പറവൂരിൽ എത്തിച്ചതായും പൊലീസ് മനസിലാക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...