ഗ്യാസ് ചോര്‍ന്നതറിഞ്ഞെത്തി; ലൈറ്റിട്ടു; സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം

kottayam-coocking-gas-explosion.jpg.image.845.440
SHARE

പാചക വാതകം ചോർന്ന് വീണ്ടും അപകടം. കോട്ടയം കുടമാളൂരാണ് സംഭവം. ഗ്യാസ് ചോർന്നതറിഞ്ഞ് അടുക്കളയിൽ എത്തി ലൈറ്റിന്റെ സ്വിച്ചിടുന്നതിനിടെയായിരുന്നു അപകടം. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് സാരമായി പൊള്ളലേറ്റു. രാത്രിയിൽ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

അടുക്കളയിലെ ജനൽ ചില്ലുകളും അപകടത്തിൽ പൊട്ടിത്തെറിച്ചിരുന്നു. മുറിയിലെ കർട്ടനുകളിലേക്കും തീപടർന്നു. അടുക്കളയ്ക്ക് പുറത്ത് മുറ്റത്തു നിന്ന ചെടിയും കരിഞ്ഞ നിലയിലാണ്. 

പാചക വാതകം: അറിഞ്ഞിരിക്കേണ്ടത്- (എം. മിഥുൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ. കോട്ടയം)

പാചക വാതക സിലിണ്ടറും സ്റ്റൗവും പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കുകയാണ് ഉചിതമായ മാർഗം. സിലിണ്ടറിന്റെ കാലപ്പഴക്കവും അപകടങ്ങളിലേക്കു നയിക്കും. സിലിണ്ടറിന്റെ ഉപയോഗം കഴിയുന്ന കാലാവധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉപയോക്താക്കൾ ബോധവന്മാരായിരിക്കണം. അളവു തൂക്ക വിഭാഗത്തിന്റെ മേൽനോട്ടത്തിലാണു സിലിണ്ടറുകളുടെ പരിശോധന നടത്തേണ്ടത്. സിലിണ്ടറിന്റെ പ്രഷർ ടെസ്റ്റ് നടത്തണമെന്നാണു നിർദേശം എന്നാൽ ഇതു പലപ്പോഴും പാലിക്കാറില്ല. സിലിണ്ടറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും അപകടത്തിനു കാരണമാകുമെന്നു അഗ്നി രക്ഷാസേന വിഭാഗം.

തീപിടിച്ചാൽ

സിലിണ്ടർ ചൂടാകാതിരിക്കാൻ ഹോസ് ഉപയോഗിച്ചു വെള്ളം ഒഴിക്കണം. ദൂരെ നിന്നു വേണം ഇതു ചെയ്യാൻ.സിലിണ്ടർ ചൂടായാണു സ്ഫോടനമുണ്ടാകുന്നത്. സിലിണ്ടറിന്റെ 10 മീറ്റർ പരിധിക്കുള്ളിൽ മാരകമായ അപകട സാധ്യതയാണ്. വെള്ളം ഉപയോഗിച്ചു തീ അണയ്ക്കാൻ കഴിയില്ല. ചാക്ക്, കട്ടികൂടിയ തുണി എന്നിവ നനച്ചു വാൽവ് മൂടാം.

ചോർച്ച  ഉണ്ടായാൽ

സിലിണ്ടറിന്റെ വാൽവിലെ പിൻഹെഡിന്റെ റബർ വാഷർ ആണ് വാതകച്ചോർച്ച തടയുന്നത്. ഈ വാഷറിനു തകരാർ ഉണ്ടായാൽ വാതകം ചോരും. മുറിയുടെ വാതിലും ജനാലയും തുറന്നിടണം. വൈദ്യുതി സ്വിച്ചുകൾ ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ അരുത്. അയൽവീടുകളിൽ തീ എരിയുന്നുണ്ടെങ്കിൽ അണയ്ക്കാൻ പറയണം. കുട്ടികളെയും മറ്റും സുരക്ഷിത സ്ഥാനത്തേക്കു മാറ്റണം. സിലിണ്ടർ തുറസ്സായ സ്ഥലത്തേക്കു മാറ്റണം.സിലിണ്ടറുകൾ തുരുമ്പിച്ചിട്ടില്ലായെന്ന് ഉറപ്പു വരുത്തണം. പെയ്ന്റ് പോയിട്ടുണ്ടെങ്കിൽ സ്വയം അടിക്കരുത്. സിലിണ്ടറുകൾ ചെരിച്ചു വച്ചു കൊണ്ടു പോകരുത്. നിലത്തു കൂടെ വലിച്ചു കൊണ്ടു പോകുകയോ ഉരുട്ടി വിടുകയോ ചെയ്യരുത്. ഇതു വാൽവിന്റെ ഭാഗത്തേക്ക് ഇന്ധനം എത്തിക്കും. അടുക്കളയിൽ പാചകം ചെയ്യുമ്പോൾ ഗ്യാസ് അടുപ്പിന്റെ ഭാഗത്തു ഫാൻ വയ്ക്കരുത്. ഫാൻ അടിച്ചു തീ ജ്വാലയ്ക്കു സ്ഥാനചലനം സംഭവിച്ചാൽ പാചക വാതകം പുറത്തേക്കു വരും. ഇതു കൂടുതൽ വാതകം അടുക്കളയിൽ നിറയാൻ കാരണമാകും. പൊട്ടിത്തെറിയിലേക്കും വഴി വയ്ക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...