യു.ഡി.എഫിന്റെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സാധ്യത പട്ടികയില്‍ മൂന്നു പേർ

election44
SHARE

യു.ഡി.എഫിന്റെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സാധ്യത പട്ടികയില്‍ മൂന്നു പേരാണ് അങ്കംകുറിക്കുന്നത്. മുന്‍മേയര്‍ രാജന്‍ ജെ പല്ലനാണ് യു.ഡി.എഫ് ക്യാംപിലെ പ്രമുഖന്‍. 

കോര്‍പറേഷന്‍ ഭരണം മാറിമാറി യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഏല്‍പിക്കുന്നതാണ് തൃശൂരിലെ വോട്ടര്‍മാര്‍. നിലവില്‍ ഇടതുമുന്നണിയാണ് കോര്‍പറേഷന്‍ ഭരിക്കുന്നത്. മുന്‍കാല ചരിത്രംവച്ച് ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്. മുന്‍ മേയര്‍ രാജന്‍ ജെ പല്ലനെതന്നെ രംഗത്തിറക്കിയാണ് കോണ്‍ഗ്രസിന്റെ നീക്കം. കോണ്‍ഗ്രസിന് ആധിപത്യമുള്ള ഗാന്ധിനഗര്‍ ഡിവിഷനില്‍ നിന്നാണ് രാജന്‍ ജെ. പല്ലന്‍ മല്‍സരിക്കുന്നത്. 

കെ.പി.സി.സി. സെക്രട്ടറിമാരായ ജോണ്‍ ഡാനിയേലും എ.പ്രസാദുമാണ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന രണ്ടു പ്രമുഖര്‍. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജോണ്‍ ഡാനിയേല്‍ നിലവില്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ്. തൃശൂരില്‍ യു.ഡി.എഫിന്റെ കോട്ടയായ കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. മേയര്‍ സാധ്യത പട്ടികയിലുള്ള മറ്റൊരാള്‍.

കെ.പി.സി.സി സെക്രട്ടറി എ.പ്രസാദാണ് കോണ്‍ഗ്രസില്‍ നിന്ന് കോര്‍പറേഷനിലേക്ക് മല്‍സരിക്കുന്ന മറ്റൊരു പ്രമുഖന്‍. തൃശൂരിന്റെ ചില പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായപ്പോള്‍ ഹൈക്കോടതിയില്‍ നിയമനടപടി നടത്തി പരിഹാരം കണ്ടെത്താന്‍ ശ്രമിച്ച ജനപ്രതിനിധിയാണ് എ.പ്രസാദ്. മേയര്‍ സാധ്യതാ പട്ടികയില്‍ ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടുന്നത് പ്രസാദിനെയാണ്.

യു.ഡി.എഫ് ഭരണം പിടിച്ചപ്പോഴെല്ലാം മേയര്‍ സ്ഥാനം എ, ഐ. ഗ്രൂപ്പുകള്‍ക്ക് വീതംവയ്ക്കുകയാണ് പതിവ്. മൂന്നു പേരും ജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

MORE IN KERALA
SHOW MORE
Loading...
Loading...