'ഞങ്ങൾ ഇതെങ്കിലും ചെയ്യണ്ടേ'?കുഞ്ഞിനെ രക്ഷിച്ചവർക്ക് വോട്ട് തേടി മാതാപിതാക്കൾ

koyipuramvote
SHARE

പിഞ്ചുകുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടല്‍ നടത്തിയ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുചേദിച്ച് മാതാപിതാക്കളെത്തി.ജനിച്ചപ്പോള്‍ തന്നെ സുഷുമ്നാനാഡിയില്‍ തകരാര്‍ കണ്ടെത്തിയ കുഞ്ഞിന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അടിയന്തരശസ്ത്രക്രിയ നടത്തിയിരുന്നു . ലോക്ഡൗണ്‍കാലത്ത് തങ്ങളുടെ പ്രയാസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ച്  വിദഗ്ധ ചികില്‍സ ഉറപ്പാക്കിയ  സുബിന്‍ നീറുംപ്ലാക്കലിനുള്ള നന്ദി സൂചകമായാണ് ഇവര്‍  കോയിപ്രത്ത് എത്തിയത്.

അഞ്ചുമാസം പ്രായമുള്ള അക്സയും  മാതാപിതാക്കളായ ആറന്‍മുള കാരുവേലില്‍ ജോര്‍ജും ടീനയും ഇപ്പോള്‍ സന്തോഷത്തിലാണ്. ആ സന്തോഷത്തിന് കാരണക്കാരായവരില്‍ ഒരാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതറിഞ്ഞാണ് ഇരുവരും കോയിപ്രത്തെത്തിയത്. തിരുവല്ലയ്ക്കടുത്ത് കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലേക്ക് പൂവത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന  യുഡിഎഫ് സ്ഥാനാര്‍ഥി സുബിന്‍  നീറുംപ്ലാക്കലിനു വോട്ടുതേടി ഇരുവരും വീടുകള്‍ കയറിയിറങ്ങി. കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ സുഷ്മുനാനാഡിയില്‍ തകരാര്‍ കണ്ടെത്തി. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ഉടന്‍ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് . കോവിഡ് ലോക്ഡൗണ്‍ കാലമായതിനാല്‍  കുഞ്ഞിനെ വെല്ലൂരിലെത്തിക്കാനും ആവുന്നില്ല. വിവരമറിഞ്ഞ കോയിപ്രം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റു കൂടിയായ സുബിന്‍ ഇക്കാര്യം ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു. തുടര്‍ന്ന് തമിഴ്നാട് ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥന അനുസരിച്ച് നിയന്ത്രണങ്ങള്‍  ഒഴിവാക്കി നല്‍കി. ഉമ്മന്‍ ചാണ്ടിക്ക് നന്ദിപറയാന്‍ അക്സയുമായി ഇരുവരും പുതുപ്പള്ളിയില്‍ പോയിരുന്നു. കഴിഞ്ഞ ദിവസം സുബിന് വോട്ടഭ്യര്‍ഥിച്ച് സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി  സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചിരുന്നു.ഇതേക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകണ്ടാണ് പെട്ടെന്ന് തന്നെ വോട്ടഭ്യര്‍ഥനയുമായി ഇവര്‍   വീടുകളിലെത്തിയത്. 

ആരും സഹായത്തിനില്ലാത്ത സമയത്ത് തങ്ങളുടെ കുഞ്ഞിന്‍റെ ശസ്ത്രക്രിയ നടത്താന്‍ വഴിയൊരുക്കിയ സുബിന് വേണ്ടി ഇത്രയുമെങ്കിലും ചെയ്യേണ്ടെ എന്നാണ് ജോര്‍ജും ടീനയും ചോദിക്കുന്നത്. സമൂഹമാധ്യമത്തിലും ജോര്‍ജ് വിശദമായി ഇക്കാര്യം കുറിച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...