ഉത്ര വധക്കേസിൽ വിചാരണ ആരംഭിച്ചു; സുരേഷിന്റെ മൊഴിയെടുത്തു

uthra
SHARE

കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ആരംഭിച്ചു. ഉത്രവധക്കേസിലെ മാപ്പ് സാക്ഷിയായ പാമ്പ് പിടുത്തുക്കാരന്‍ ചാവര്‍ക്കാട് സുരേഷിന്റെ മൊഴിയെടുത്തു. ഭിന്നശേഷിക്കാരിയായതുകൊണ്ടാണ് ഉത്രയെ കൊന്നതെന്ന് സൂരജ് പറഞ്ഞെന്ന് സുരേഷ് വെളിപ്പെടുത്തി. വിചാരണ നാളെയും തുടരും.

അഞ്ചല്‍ ഏറം സ്വദേശിനിയായ ഉത്ര കഴിഞ്ഞ മെയിലാണ് കൊല്ലപ്പെട്ടത്. സ്ത്രീധനം നഷ്ടമാക്കാതെ ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന മൊഴിയാണ് സൂരജിന് പാമ്പിനെ വിറ്റ സുരേഷ് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പിടിച്ച പാമ്പിനെ വിറ്റത്. ഈക്കാര്യങ്ങളൊക്കെ കോടതിയെ ബോധിപ്പിക്കുമ്പോള്‍ കേസിലെ രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്ത സുരേഷ് പൊട്ടിക്കരഞ്ഞു.

കേസിലെ ഒന്നാം പ്രതിയായ സൂരജിനെയും കോടതിയില്‍ ഹാജരാക്കി. വാദം കേള്‍ക്കാനായി സൂരജിന്റെ മാതാപിതാക്കളും സഹോദരിയും എത്തിയിരുന്നു. ഇവര്‍ പ്രതികളായ ഗാര്‍ഹിക പീഡനക്കേസിന്റെ കുറ്റപത്രം അധികം വൈകാതെ കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ അറസ്റ്റിലായ മൂന്നു പേര്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് റെക്കോര്‍ഡ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ഉത്രവധക്കേസിന്റെ വിചാരണയും വേഗത്തിലാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം നടക്കും.

MORE IN KERALA
SHOW MORE
Loading...
Loading...