സമയമായി, അനിവാര്യമായ യു ടേൺ: ഷാഫി; പൊതു സമൂഹത്തിന് അഭിവാദ്യം: ബൽറാം

pinarayi-shafi-balram
SHARE

വിവാദമായ പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതോടെ കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യമർപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. ‘സമയമായി. അനിവാര്യമാണ് മറ്റൊരു യു ടേൺ’ എന്നാണ് മലക്കം മറിഞ്ഞ മുഖ്യമന്ത്രിയെ പരിഹസിച്ച് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ലെന്നും ഓർഡിനൻസ് പൂർണ്ണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലും നിലപാട് തിരുത്തിയ പിണറായി വിജയനെ അഭിനന്ദിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. 

ഇക്കാര്യത്തിൽ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും എല്ലാവരുടേയും അഭിപ്രായം തേടിയശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂ എന്ന് പിണറായി വിജയന്‍ അറിയിച്ചിരിക്കുന്നത്. നിയമഭേദഗതിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾ പരിശോധിക്കുമെന്ന്  സിപിഎം കേന്ദ്ര നേതൃത്വവും വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെയാണ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് സമാനമായ നിയമം നടപ്പാക്കുന്നതെന്നത് തിരിച്ചടിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

ബൽറാമിന്റെ കുറിപ്പ്: ‘ജനങ്ങളുടെ വായ് മൂടിക്കെട്ടുന്ന പോലീസ് നിയമ ഭേദഗതി 118(A) എന്ന കരിനിയമത്തിൽ നിന്ന് പിണറായി വിജയനെ പിന്തിരിപ്പിച്ച കേരളീയ പൊതു സമൂഹത്തിന് അഭിവാദ്യങ്ങൾ. ഗവർണർ ഒപ്പിട്ട് വിജ്ഞാപനം ചെയ്ത ഓർഡിനൻസ് തൽക്കാലം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന കേവല പ്രഖ്യാപനം കൊണ്ട് കാര്യമില്ല, ഓർഡിനൻസ് പൂർണ്ണമായി പിൻവലിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഡേറ്റ സെക്യൂരിറ്റിയുടെയും വ്യക്തികളുടെ സ്വകാര്യതയുടേയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയുമൊക്കെ വിഷയത്തിൽ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകൾക്ക് കടകവിരുദ്ധമായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയനും സ്തുതിപാഠകർക്കും ഇനിയെങ്കിലും മൂക്കുകയറിടാൻ സീതാറാം യെച്ചൂരിയടങ്ങുന്ന സിപിഎം നേതൃത്വത്തിന് സാധിക്കട്ടെ.’ അദ്ദേഹം കുറിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...