സ്വപ്നയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്; ജയിൽ വകുപ്പിന്റെ അനുമതി തേടി

swapna-crime
SHARE

കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ജയില്‍ വകുപ്പിന്റെ അനുമതി തേടി. എന്നാല്‍ ക്രൈംബ്രാഞ്ച് ഉടന്‍ കേസെടുക്കില്ല. ശബ്ദരേഖയിലെ ആരോപണം ഗുരുതരമാണെങ്കിലും ശബ്ദം സ്വപ്നയുടേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസെടുക്കാനാവൂവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. 

കേന്ദ്ര ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്ന ശബ്ദരേഖയില്‍ ഇ.ഡിയുടെ ആവശ്യപ്രകാരമാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ജയിലിലെത്തി സ്വപ്നയുടെ മൊഴിയെടുക്കാനുള്ള അനുമതിക്കായി ജയില്‍ മേധാവി ഋഷിരാജ് സിങിന് കത്ത് നല്‍കിയത്.  പക്ഷെ സ്വപ്ന റിമാന്‍‍‍ഡിലായതിനാല്‍ കോടതി അനുമതിയില്ലാതെ മൊഴിയെടുക്കാനാകുമോയെന്ന് ജയില്‍ വകുപ്പിന് സംശയമുണ്ട്. നിയമവശം പരിശോധിച്ച ശേഷമേ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കുന്ന കാര്യം തീരുമാനിക്കു. 

ഈ ആരോപണം ഗുരുതരമാണെന്നാണ് നിയമോപദേശം. കള്ളമൊഴി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമല്ല. പക്ഷെ കേസെടുക്കണമെങ്കില്‍ അത് തന്റെ ശബ്ദമാണെന്നും തനിക്ക് അത്തരമൊരു പരാതിയുണ്ടെന്നും സ്വപ്ന ഏറ്റുപറയേണ്ടതുണ്ട്. എങ്കില്‍ ഭീഷണിയും ഗൂഡാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. അതിനാല്‍ മൊഴിയെടുപ്പില്‍ സ്വപ്നയുടെ എന്ത് പറയുന്നൂവെന്ന് അറിഞ്ഞ ശേഷം കേസെടുത്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആലോചന. നേരത്തെ ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.

MORE IN KERALA
SHOW MORE
Loading...
Loading...