ജയിച്ചു കയറാനുറച്ച് നാലു സഹോദരങ്ങൾ; തിരഞ്ഞെടുപ്പ് അന്തിക്കാട്ട് 'കുടുംബകാര്യം'

kins-22
SHARE

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളും തദ്ദേശതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ്. നാലു പേരും സി.പി.എം. ചിഹ്നത്തില്‍ നാലിടത്തായാണ് മല്‍സരിക്കുന്നത്. ഒന്നിച്ചുള്ള മല്‍സരം കാണാന്‍ അച്ഛനില്ലെന്ന വിഷമത്തിലാണ് സ്ഥാനാര്‍ഥികള്‍. 

തൃശൂര്‍ അന്തിക്കാട്ടെ ചെത്തു തൊഴിലാളി യൂണിയന്‍ നേതാവായിരുന്ന വി.എ.നാരായണന്‍റെ നാലു മക്കള്‍ക്കാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റ് കൊടുത്തത്. ആകസ്മികമായി സംഭവിച്ചതാണ് ഒന്നിച്ചുള്ള മല്‍സരം.  ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന കമ്മിറ്റി അംഗമായ വി.എന്‍.സൂര്‍ജിത് ആണ് മക്കളില്‍ ഒരാള്‍. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അച്ഛനും മകനും ഏരിയാകമ്മിറ്റി അംഗങ്ങളായി ഒരേസമയം ഉണ്ടായിരുന്നു. 

മൂന്നു സഹോദരിമാര്‍ ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. നാരായണന്‍, കൗസല്യ ദമ്പതികളുടെ എട്ടു മക്കളും സംഘടനാരംഗത്തുണ്ടായിരുന്നു. നിലവില്‍, ഏഴു പേരും പാര്‍ട്ടി പരിപാടികള്‍ സജീവമാണ്. ജില്ലാ പഞ്ചായത്ത് അന്തിക്കാട് ഡിവിഷനിലാണ് സൂര്‍ജിത് മല്‍സരിക്കുന്നത്. വാടാനപ്പിള്ളി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് ഷീബ ചന്ദ്രബോസിന്റെ കന്നിയങ്കം. അന്തിക്കാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ നിന്നാണ് മേനക മധു മല്‍സരിക്കുന്നത്. മറ്റൊരു സഹോദരി രജനി തിലകന്‍ മല്‍സരിക്കുന്നതാകട്ടെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലേക്കും.

എട്ടു മാസം മുമ്പാണ് അച്ഛന്‍ നാരായണന്‍ മരിച്ചത്. നാലു മക്കളും ഒരേപോലെ വിഷമിക്കുന്നത് അച്ഛന്റെ അസാന്നിധ്യമാണ്. അച്ചടക്കമുള്ള പ്രവര്‍ത്തകന് പാര്‍ട്ടി നല്‍കിയ അംഗീകാരമായാണ് ഈ സ്ഥാനാര്‍ഥിത്വത്തെ അമ്മ കാണുന്നത്. തിരഞ്ഞെടുപ്പു ഫലം വരുമ്പോള്‍ വിജയം ഈ നാലു പേര്‍ക്കൊപ്പം നിന്നാല്‍, ഒരു വീട്ടില്‍ നിന്ന് നാലു ജനപ്രതിനിധികള്‍ ഒരേസമയം ത്രിതല പഞ്ചായത്തുകളില്‍ എത്തും.

MORE IN KERALA
SHOW MORE
Loading...
Loading...