പ്രഭാതസവാരിക്കിറങ്ങിയ ആളെ വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം; 4 പേർ അറസ്റ്റിൽ

athirambuzha-22
SHARE

കോട്ടയം അതിരമ്പുഴയിൽ പ്രഭാതസവാരിക്കിറങ്ങിയ ബിസിനസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കുടിലില്‍ കെ.ജെ. സെബാസ്റ്റ്യന് നേരെയാണ് ഇന്നലെ രാവിലെ ക്വട്ടേഷന്‍ സംഘത്തിന്‍റെ ആക്രമണമുണ്ടായത്. ഇയാളുടെ ബിസിനസ് പങ്കാളി റെജി പ്രോത്താസിസ് ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

അതിരമ്പുഴ പാറോലിക്കല്‍ റോഡില്‍ ഐക്കരക്കുന്നേല്‍  ജംക്ഷനില്‍വെച്ചായിരുന്നു സെബാസ്റ്റ്യന് നേരെയുള്ള ആക്രമണം. നടക്കുന്നതിനിടെ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാര്‍ സെബാസ്റ്റ്യനെ ആദ്യം മറികടന്ന് മുന്നോട്ടുപോയി. എതിര്‍ദിശയില്‍ നിന്ന് തിരിച്ചുവന്ന വാഹനം സെബാസ്റ്റ്യനെ ഇടിച്ചിട്ടു. ഇതോടെ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ പോസ്റ്റിലിടിച്ച് മറിഞ്ഞു. അപകടമെന്ന് കരുതി നാട്ടുകാര്‍ ഓടിയെത്തിയതോടെ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. ഇതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്. പരുക്കേറ്റ സെബാസ്റ്റ്യനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ഇതേ ആശുപത്രിയില്‍ കാറിലുണ്ടായിരുന്നവരും ചികിത്സതേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് മൂവരെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊബൈലില്‍ സെബാസ്റ്റ്യന്‍റെ ഫോട്ടോയും കണ്ടെത്തിയതോടെയാണ് സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ നല്‍കിയ റെജി പ്രോത്താസിസിനെ പിടികൂടിയത്. 

എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോസ് കെ സെബാസ്റ്റ്യന്‍, ഷൊര്‍ണൂര്‍ സ്വദേശി സുജേഷ്, തൃശൂര്‍ തോന്നൂര്‍ക്കര സ്വദേശി ഏല്യാസ്ക്കുട്ടി എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍. സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും റെജിയുടെ പണമിടപാടുകള്‍ സംബന്ധിച്ച്  സെബാസ്റ്റ്യന്‍ അന്വേഷണം ആവശ്യപ്പെട്ടതുമാണ് ആക്രമണത്തിന് കാരണം. റെജിയുടെ സുഹൃത്ത് മുഖേനയാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം.  ഇത് സംബന്ധിച്ചും റെജിയുടെ മറ്റ് ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...