അങ്കം മുറുകുന്നു; തിരൂർ നഗരസഭയിൽ മുന്നണികൾക്ക് തലവേദനയായി വിമതർ

vimathan-24
SHARE

തിരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ മലപ്പുറം തിരൂർ നഗരസഭയിൽ ഇടത് വലത് മുന്നണികൾക്ക് തലവേദനയായി വിമതർ. യു.ഡി.എഫിന് അഞ്ചിടത്തും എല്‍.ഡി.എഫിന് രണ്ടിടത്തുമാണ് വിമതര്‍ ഭീഷണി ഉയര്‍ത്തുന്നത്. ചൊവ്വാഴ്‌ച്ചയ്ക്കകം വിമത സ്ഥാനാർഥികളെ അനുനയിപ്പിച്ച്  പത്രികകൾ പിൻവലിപ്പിക്കാനുള്ള കരുനീക്കവും അണിയറയിൽ നടക്കുന്നുണ്ട്.

മുപ്പത്തിയെട്ട് വാർഡുകളുളള നഗരസഭയിൽ ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിലാണ് 2015-ൽ  എൽഡിഎഫ് ഭരണം പിടിച്ചെടുത്തത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് വിവിധ പാർട്ടികളിൽ നിന്നും രാജിവച്ചവർ ചേർന്ന് രൂപീകരിച്ച തിരൂർ വികസന മുന്നണിയുടെ നാല് അംഗങ്ങളുടെ ബലത്തിലാണ് പതിനഞ്ച് വർഷം യു ഡി എഫ് കൈയ്യാളിയിരുന്ന ഭരണം എൽഡിഎഫ് അട്ടിമറിച്ചത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് ഇടത് വലത് മുന്നണികള്‍ക്ക് അഭിമാന പോരാട്ടമാണ്.  എന്നാൽ ഇരു മുന്നണികളും നേരിടുന്ന പ്രധാന വെല്ലുവിളി വിമതരുടെ കടന്ന് കയറ്റമാണ്. വെൽഫയര്‍ പാര്‍ട്ടി കൂട്ടുകെട്ടും,  സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അഭിപ്രായ വ്യത്യാസങ്ങളുമാണ് യു.ഡി.എഫിന് തലവേദനയായത്. സ്ഥാനാർഥി നിർണയത്തിലെ പ്രശ്നങ്ങൾ എല്‍.ഡി.എഫിനെതിരെയും രണ്ടിടത്ത് വിമതരെ സൃഷ്ടിച്ചു.

21ാം വാര്‍ഡില്‍ മുന്‍ ലീഗ് കൗണ്‍സിലര്‍ ഐ.പി.ഷാജിറയാണ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ വിമതരിലെ പ്രധാനി. 23ാം വാര്‍ഡില്‍ പി.മുഹമ്മദ് കുട്ടിയും, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സി.എം.ഫൈസലും രംഗത്തുണ്ട്.17- വാർഡിൽ മെഹറൂഫ്, 22ല്‍ അബ്ദുല്‍ മനാഫ് എന്നിവര്‍ ലീഗിനെതിരെ വിമതരായി നില്‍ക്കുമ്പോള്‍ 34ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയും മൽസരിക്കുന്നുണ്ട്. 15ാം വാർഡിൽ ലീഗ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസിലെ ടി.പി.സതീശനാണ് വിമതൻ. യു.ഡി.എഫിനെ അപേക്ഷിച്ച് വിമതശല്യം കുറവാണ് എല്‍.ഡി.എഫിന്. വാര്‍ഡ് ഒന്നില്‍ കെ.ജി. സല്‍മയും ആറില്‍ ശശിധരന്‍ നായരുമാണ് എല്‍.ഡി.എഫ് വിമതര്‍. 

MORE IN KERALA
SHOW MORE
Loading...
Loading...