പോരാട്ടം സഹോദരിമാർ തമ്മിൽ; തൊടുപുഴയിൽ തിരഞ്ഞെടുപ്പ് 'കുടുംബകാര്യം'

sisiters-17
SHARE

ഒരേ കുടുംബക്കാരായ വീട്ടമ്മമാർ തമ്മിലുള്ള പോരാട്ടത്തിനാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ തൊടുപുഴ നഗരസഭയിലെ  രണ്ടാം വാർഡ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സിനി ഷാജിയും, എൽഡിഎഫ് സ്ഥാനാർഥിയായ സജിമി ഷിംനാസുമാണ് ഒരു കുടുംബത്തിലെ  മത്സരാർഥികൾ. ഇരുവരും ആദ്യമായാണ് മത്സര രംഗത്തെത്തുന്നത്. 

സഹോദരൻമാരുടെ മക്കളുടെ ഭാര്യമാർ തമ്മിലാണ് തൊടുപുഴ നഗരസഭയിലെ  ഗുരു ഐടിസി വാർഡിൽ ഏറ്റുമുട്ടുന്നത്. വെങ്ങല്ലൂർ പള്ളിക്കുറ്റിക്കു സമീപം അയൽ വീടുകളിലാണു രണ്ടു മുന്നണി സ്ഥാനാർഥികളും താമസിക്കുന്നത്. കുഞ്ഞൻപറമ്പിൽ ഹസന്റെ മകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കെ.എച്ച്.ഷാജിയുടെ ഭാര്യയാണ് സിനി ഷാജി. ഹസന്റെ ഇളയ സഹോദരൻ കരിമീന്റെ മകനും മുൻ നഗരസഭ കൗൺസിലറുമായ കെ.കെ. ഷിംനാസിന്റെ ഭാര്യയാണ് സജിമി ഷിംനാസ്. സിപിഎം പ്രതിനിധിയായിരുന്ന ഷിംനാസ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 84 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വീണ്ടും വാർഡിൽ വിജയമുറപ്പിക്കാണ് വനിത വാർഡായി സംവരണം ചെയ്ത ഇവിടെ മുൻ കൗൺസിലറുടെ ഭാര്യയെ തന്നെ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.

സീറ്റ് തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് അതേ കുടുംബത്തിൽ നിന്നു തന്നെയുള്ള സ്ഥാനാർഥിയെ കളത്തിലിറക്കിയതോടെ മത്സരം കടുത്തതായി. അതേസമയം, മത്സരം തിരഞ്ഞെടുപ്പിൽ മാത്രമാണെന്നും   കുടുംബത്തിൽ  സ്‌നേഹമുള്ള ചേട്ടത്തിയും അനുജത്തിയുമാണെന്നും സ്ഥാനാർഥികൾ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...