മാറ്റം പ്രതിസന്ധികൾക്കിടെ, അസാധാരണ തീരുമാനം: ഗുണമാകുമെന്ന പ്രതീക്ഷയിൽ സിപിഎം

kodiyeri
SHARE

കേസുകളിലും വിവാദങ്ങളിലും പെട്ട് സര്‍ക്കാരും സിപിഎമ്മും പ്രതിസന്ധിയിലായിരിക്കെയാണ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ അസാധാരണ തീരുമാനം അണികളോടും ജനങ്ങളോടും വിശദീകരിക്കാന്‍ പാര്‍ട്ടി ബുദ്ധിമുട്ടും. വൈകിയാണെങ്കിലും കോടിയേരി മാറിയത് ഗുണകരമായ തീരുമാനമെന്ന് വിലയിരുത്തുന്നവരും പാര്‍ട്ടിയിലുണ്ട്. 

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട പണമിടപാടിലും അനധികൃതസ്വത്ത് സമ്പാദനത്തിലും അറസ്റ്റിലായത് ഉയര്‍ത്തുന്ന ധാര്‍മിക ചോദ്യങ്ങള്‍ക്കിടയിലും ഇതായിരുന്നു പാര്‍ട്ടിയുടെയും കോടിയേരിയുടെയും നിലപാട്. കേസ് ബിനീഷിന്റെ വ്യക്തിപരമായ നിലപാടാണെന്നും അയാള്‍ നേരിടട്ടെയെന്നുമുള്ള നിലപാട് പാര്‍ട്ടിയിലുള്ളവര്‍ക്കുപോലും ദഹിക്കുന്നതായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 

പാര്‍ട്ടി നേതാക്കളുടെ ഉറ്റബന്ധുക്കള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്തേണ്ട സംശുദ്ധി സംബന്ധിച്ച പ്ലീനം രേഖ പോലും അവഗണിച്ചായിരുന്നു സിപിഎം ഈ നിലപാടെടുത്തത്. സിപിഎം ഭരണത്തില്‍ അവശേഷിക്കുന്ന ഏക സംസ്ഥാനമെന്ന നിസഹായാവസ്ഥയില്‍ എതിരഭിപ്രായങ്ങളുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിലുള്ളവരും കണ്ണടക്കുകയായിരുന്നു. എന്നിട്ടും പൊളിറ്റ്ബ്യൂറോ അ്ംഗം എം.എ.ബേബി തന്റെ എതിരഭിപ്രായം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത് ചര്‍ച്ചയായി. മുന്‍ നിലപാടില്‍ നിന്ന് മാറിയെന്ന് കോടിയേരിയോ പാര്‍ട്ടിയോ പറഞ്ഞിട്ടില്ല. എന്നാല്‍ രോഗത്തിന്റെ പേരിലാണെങ്കിലും തല്‍ക്കാലം കോടിയേരി മാറിനില്‍ക്കുന്നതോടെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കേസില്‍ പെട്ട് ജയിലില്‍ കിടക്കുന്ന സാഹചര്യം സിപിഎമ്മിന് ഒഴിവായി കിട്ടി. തിരഞ്ഞെടുപ്പിനിടെ പ്രതിപക്ഷം ശക്തമായി ഈ വിഷയം ഉന്നയിക്കുമ്പോള്‍  ചികില്‍സാര്‍ഥമാണ് കോടിയേരി മാറിനില്‍ക്കുന്നത് എന്നു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്കാകുമോ എന്ന സംശയം അവശേഷിക്കുന്നു. 

ബിനീഷിന്റെ കേസിന്റെ പേരില്‍ കോടിയേരി മാറിയാല്‍ സമാനമായ നിലപാട് പിണറായിക്കും സ്വീകരിക്കേണ്ടി വരില്ലേ എന്ന ചോദ്യവും സിപിഎമ്മിനെ വലച്ചിരുന്നു.  ഇപ്പോള്‍ ചികില്‍സയുടെ പേരിലാണെങ്കിലും  കോടിയേരി മാറുമ്പോള്‍ പ്രതിപക്ഷത്തിന് രണ്ട് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വഴിതുറന്നു. ഒന്ന്– മകനെതിരായ കേസിന്റെ പേരിലാണ് കോടിയേരി മാറിയത്, ഇത് പരോക്ഷമായ കുറ്റസമ്മതമാണ്. രണ്ട്– തന്റ ഓഫിസിലുള്ളവര്‍ കേസിലകപ്പെടുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും രാജിവയ്ക്കണം. ഈ പ്രചാരണത്തെ തിരഞ്ഞെടുപ്പ് കാലത്ത് ചെറുക്കാന്‍ സിപിഎം ബുദ്ധിമുട്ടും.

MORE IN KERALA
SHOW MORE
Loading...
Loading...