കരാറുകാരന്‍റേയും പഞ്ചായത്തിന്‍റേയും അനാസ്ഥ; ഗ്രാമീണ റോഡിന്‍റെ നിർമാണം മുടങ്ങുന്നതായി പരാതി

ruralroad
SHARE

കോട്ടയം തലയാഴത്ത് കരാറുകാരന്‍റേയും പഞ്ചായത്തിന്‍റേയും അനാസ്ഥ മൂലം ഗ്രാമീണ റോഡിന്‍റെ നിർമാണം മുടങ്ങുന്നതായി പരാതി. പെരുമാശേരി ഈട്ടുംമ്പുറം റോഡ് നിർമ്മാണമാണ് ഒരു വർഷമായി മുടങ്ങി കിടക്കുന്നത്. കാർഷിക മേഖലയ്ക്ക് പ്രയോജനം കിട്ടുന്ന റോഡിന്‍റെ അവസാന ഭാഗത്തെ നിർമ്മാണമാണ് കരാർ കൊടുത്തിട്ടും പണിയാത്തത്. 

തലയാഴം പഞ്ചായത്ത് ഒന്‍പതാം വാർഡിലെ പന്ത്രണ്ട് കുടുംബങ്ങൾക്കും മൂന്നുംവേലിക്കരി പാടശേഖരത്തേിലേക്കുമുള്ളതാണ് റോഡ്. 2006 ൽ നാട്ടുകാർ നിർമിച്ച വഴി അഞ്ച് വർഷം മുമ്പ് പൂഴിയിട്ട് പഞ്ചായത്ത് റോഡാക്കി നൽകി. മൂന്ന് മീറ്റർ വീതിയിൽ 500 മീറ്റർ നീളത്തിലുള്ള റോഡിനായി പ്രദേശവാസികള്‍ സ്ഥലം വിട്ടു നല്‍കി. എന്നാൽ റോഡിന്‍റെ അവസാന ഭാഗത്തെ 250 മീറ്ററിന്‍റെ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായില്ല. ഇവിടെ പൂഴിമണ്ണിറക്കി റോഡാക്കാൻ കഴിഞ്ഞ വര്‍ഷം രണ്ടേക്കാല്‍ ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്‍പ്പെടുത്തി പഞ്ചായത്ത് അനുവദിച്ചു.  8 മാസംകഴിഞ്ഞിട്ടും മണ്ണിറക്കാൻ കരാറുകാരൻ തയാറായിട്ടില്ലെന്നാണ് പരാതി. 188 ഏക്കർ വരുന്ന പാടത്തെ നെൽകൃഷിക്കായി ട്രക്ടറടക്കം ഇറക്കുന്നതിനും വിളവ് പുറത്തെത്തിക്കുന്നതിനും പ്രയോജനപ്പെടുന്നതാണ് ഈ റോഡ്‌. 

നിലവിൽ മറ്റൊരു വഴിയിലൂടെ തോടിന് കുറുകെ ബണ്ടിട്ടാണ് കൃഷിയാവശ്യത്തിന് വാഹനങ്ങൾ എത്തിക്കുന്നത്. കരാറുകാരന് മേല്‍ സമര്‍ദംചെലുത്തി റോഡ് പണി പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തും മിനക്കെടുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാൽ മഴ മൂലവും സ്ഥലപരിമിതി മൂലവുംറോഡിൽ മണ്ണിറക്കാൻ പറ്റാത്ത സാഹചര്യമാണെന്നും ഒന്നര ലക്ഷത്തോളം രൂപക്കാണ് കരാറെന്നുമാണ് കരാറുകാരന്‍റെ വാദം. മഴ മൂലമാണ് നിർമ്മാണം മുടങ്ങിയതെന്നും ഉടനെ നിർമാണം പുനരാരംഭിക്കുമെന്നും പഞ്ചായത്ത് വിശദീകരിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...