25 ടൺ;16 ലക്ഷത്തിന്റെ സവാള; മലയാളി ഡ്രൈവര്‍ മുങ്ങി?; വലവീശി പൊലീസ്

onion-lorry-missing
SHARE

സവാളയ്ക്ക് വിപണിയിൽ പൊന്നിൻ വിലയായതിനു പിന്നാലെ മഹാരാഷ്ട്രയിൽനിന്നു കൊച്ചിയിലേക്കു കയറ്റിവിട്ട ഒരു ലോഡ് സവാളയുമായി ഡ്രൈവർ കടന്നു കളഞ്ഞെന്നു സംശയം. അഹമ്മദ് നഗറിലെ മഹാരാഷ്ട്ര കൃഷി ഉൽപന്ന സമിതിയുടെ വിതരണ കേന്ദ്രത്തിൽനിന്നു കഴിഞ്ഞ 25നു കയറ്റിവിട്ട 25 ടൺ സവാളയാണ് ദിവസങ്ങൾ പിന്നിട്ടിട്ടും കൊച്ചിയിൽ എത്താത്തത്. ബുധനാഴ്ചയെങ്കിലും എത്തേണ്ടിയിരുന്ന ലോറി വ്യാഴാഴ്ചയായിട്ടും കാണാതായതോടെ മാർക്കറ്റിൽ സവാള മൊത്തവിൽപന നടത്തുന്ന അലി മുഹമ്മദ് സിയാദ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വിപണിയിൽ 65 രൂപയ്ക്ക് മുകളിലാണ് നിലവിൽ സവാളയുടെ വില. 25 ടൺ സവാളയ്ക്ക് ഏകദേശം 16 ലക്ഷം രൂപയ്ക്കു മുകളിൽ വിപണി മൂല്യം വരുന്നതാണ്.

ഡ്രൈവറെ ഫോണിൽ വിളിക്കുമ്പോൾ റിങ് ചെയ്യുന്നുണ്ടെങ്കിലും എടുക്കുന്നില്ല. ലോറി എത്താഞ്ഞതിൽ അന്വേഷിക്കാനായി മഹാരാഷ്ട്രയിലേക്കു വിളിച്ചപ്പോൾ 25നു തന്നെ ലോറി പുറപ്പെട്ടിരുന്നുവെന്ന വിവരമാണ് ലഭിച്ചത്. ട്രാൻസ്പോർട് കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവർക്കും ഡ്രൈവറെക്കുറിച്ചോ വാഹനത്തെ കുറിച്ചോ വ്യക്തമായ ധാരണയില്ലെന്നാണ് അറിയിച്ചത്. വാഹനം മഹാരാഷ്ട്രയിൽനിന്ന് ലോഡ് കയറ്റി പുറപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അയച്ചു നൽകിയിരുന്നു. ആലുവ സ്വദേശിയായ ഡ്രൈവറുടെ പേരിൽ നേരത്തെ വാഹനങ്ങളുടെ പാർട്സുകൾ അഴിച്ചു വിറ്റതിനും മറ്റും പരാതി ഉണ്ടായിട്ടുണ്ടെന്ന് ട്രാൻസ്പോർട് കമ്പനിയും വിശദീകരിച്ചിരുന്നു. ഇതോടെയാണ് സവാള മറിച്ചു വിൽക്കാനായി കടത്തിയതാണെന്ന സംശയം ഉയർന്നതെന്ന് അലി മുഹമ്മദ് മനോരമ ഓൺലൈനോടു പറഞ്ഞു.

മൊബൈൽ പ്രവർത്തിക്കുന്ന നിലയിൽ ആയതിനാൽ എവിടെയുണ്ടെന്ന് കണ്ടെത്തുക പ്രയാസമാകില്ലെന്നാണ് വിലയിരുത്തൽ. പൊലീസ് സൈബർ സെൽ വഴി ലൊക്കേഷൻ പരിശോധിക്കുന്നുണ്ട്. സവാളയ്ക്ക് വില കൂടിയതോടെ സർക്കാർ പോലും ആദ്യ ഘട്ടത്തിൽ ഇറക്കുമതി ചെയ്തത് 50 ടൺ സവാളയാണ്. അതുകൊണ്ടു കേരള വിപണിയിൽ എത്തേണ്ടിയിരുന്ന 25 ടൺ സവാള എത്താതെ പോകുന്നത് നഷ്ടമാകും. ഇപ്പോഴും വിപണിയിൽ 65 രൂപയ്ക്ക് മുകളിലാണ് സവാള വില. ഈ സാഹചര്യത്തിൽ ഇത്ര അധികം സവാള വിപണിയിൽ എത്തുന്നത് വിലവർധന പിടിച്ചു നിർത്തുന്നതിനും സഹായിക്കുമെന്നും അലി പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...