ജയില്‍ കസ്റ്റഡി മരണം; മൂന്നു ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്പെന്‍ഷൻ

jail-suspension
SHARE

തൃശൂരില്‍ ജയില്‍ കസ്റ്റഡിയില്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ മൂന്നു ഉദ്യോഗസ്ഥരെക്കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെ, ഇതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. കൊലക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്. 

പത്തുക്കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഷെമീര്‍ ജയില്‍ കസ്റ്റഡിയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനമേറ്റാണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തില്‍ മര്‍ദ്ദനത്തിന്റേതായ എല്ലാ അടയാളങ്ങളും ഉണ്ടായിരുന്നു. ഇതോടെ, ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പൊലീസ് പിടികൂടിയ ഷെമീറിനേയും  ഭാര്യ സുമയ്യേയ്യും രണ്ടു കൂട്ടു പ്രതികളേയും റിമാന്‍ഡ് ചെയ്തിരുന്നു. ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ഈ കേന്ദ്രത്തിലിട്ട് ഷെമീറിനെ മര്‍ദ്ദിച്ചെന്നാണ് സഹതടവുകാരുടെ മൊഴി.

അമ്പിളിക്കല കോവിഡ് നിരീക്ഷണ കേന്ദ്രം ജയില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയിരുന്നു. മേലുദ്യോഗസ്ഥരെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കാത്തതിന് വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. മര്‍ദ്ദിച്ചതിന്റെ പേരില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ രമേഷ് എന്നിവരേയും ആദ്യഘട്ടത്തില്‍തന്നെ സസ്പെന്‍ഡ് ചെയ്തു. ഒടുവില്‍ മൂന്നു ഉദ്യോഗസ്ഥരെക്കൂടി ജയില്‍ ഡി.ജി.പി സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സൂപ്രണ്ട് അതുല്‍ ,‌ അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍മാരായ റിജു, സുഭാഷ് എന്നിവരെയാണ് ഒടുവില്‍ സസ്പെന്‍ഡ് ചെയ്തത്. സഹതടവുകാരുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥരെ കൊലക്കുറ്റം ചുമത്തി ഉടനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...