വരുമാന സർട്ടിഫിക്കറ്റിൽ പൊരുത്തക്കേട്; സബ്കലക്ടർക്കെതിരെ റിപ്പോർട്ട്

asha-thomas-01
SHARE

ഐ.എ.എസ്.നേടാന്‍ തലശേരി സബ്കലക്ടറായിരുന്ന ആസിഫ് കെ.യൂസഫ് തെറ്റായ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന പരാതിയില്‍ ആശാതോമസ് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. 2015–16 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ മാത്രം പരിശോധിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശരിയാണെങ്കിലും മൊത്തം വരുമാനം നോക്കുമ്പോള്‍ പൊരുത്തക്കേടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി തല കമ്മിറ്റി തീരുമാനമെടുത്ത് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിനു കൈമാറും.

2016 ബാച്ചില്‍ 215 ആം റാങ്കുകാരനായ ആസിഫ് കെ.യൂസഫ് ഒ.ബി.സി സംവരണത്തിനായി ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ 2015–16 വര്‍ഷത്തിലെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് 1.8 ലക്ഷം രൂപയാണ്. ആദായനികുതി റിട്ടേണ്‍ അടക്കം പരിശോധിക്കുമ്പോള്‍ ഇതു ശരിയാണെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സിവില്‍ സര്‍വീസിനു അപേക്ഷിക്കുമ്പോള്‍ 3വര്‍ഷത്തെ കുടുംബ വരുമാനം 6 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കാണ് ഒ.ബ.സി സംവരണത്തിനു അര്‍ഹതയുള്ളത്. ഇതു 2.3 ലക്ഷമാണെന്നാണ് ആസിഫ് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. ഇതില്‍ പൊരുത്തക്കേടുണ്ടെന്നും ആശാതോമസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സിവില്‍ സര്‍വീസ് ചട്ടപ്രകാരമാണ് അന്വേഷണത്തിനു അഡീഷണല്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്. നേരത്തെ എറണാകുളം ജില്ലാ കലക്ടറേയും ഇക്കാര്യം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.2015–16  ലെ ആസിഫ് കെ.യൂസഫിന്‍റെ  വരുമാനം 4.33 ലക്ഷം രൂപയും മൂന്നു വര്‍ഷത്തേത് 28.71 രൂപയെന്നുമായിരുന്നു എസ്.സുഹാസിന്‍റെ കണ്ടെത്തല്‍.വില്ലേജ് ഓഫിസില്‍ നിന്നുള്ള രേഖകള്‍ മാത്രം പരിശോധിച്ചായിരുന്നു കലക്ടറുടെ റിപ്പോര്‍ട്ട്. രണ്ടു റിപ്പോര്‍ട്ടുകളും പരിശോധിച്ച് ചീഫ് സെക്രട്ടറി  കേന്ദ്രത്തിനു റിപ്പോര്‍ട്ട്കൈമാറും. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു കണ്ടെത്തിയാല്‍ സിവില്‍സര്‍വീസ് റാങ്ക് അസാധുവായി ശിക്ഷ നേരിടേണ്ടി വരും. സംവരണം കിട്ടാനായി സമര്‍പ്പിച്ച സാമ്പത്തിക വിവരങ്ങളും സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന പരാതിയിലാണ് കേന്ദ്രപഴ്സണല്‍ മന്ത്രാലയം ചീഫ് സെക്രട്ടരിയോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്

MORE IN KERALA
SHOW MORE
Loading...
Loading...