'ഒരു വാർഡിലേക്ക് 3 കിലോ സവാളയോ?' ഐസകിനോട് ബൽറാം; ചൂടൻ ചർച്ച

onionrow-24
SHARE

സവാള വിലക്കയറ്റം തടയാൻ നാഫെഡ് വഴി ഇറക്കുമതി ചെയ്യുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പൊരിഞ്ഞ ചർച്ച. വിടി ബൽറാം എംഎൽഎയാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 75 ടൺ സവാള ഇറക്കുമതി ചെയ്യുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. 75000 കിലോ സവാള കേരളത്തിൽ എങ്ങനെ വിതരണം ചെയ്യാനാണെന്നും അത് കാരണം വിലക്കയറ്റം എങ്ങനെ പിടിച്ചു നിർത്താനാകുമെന്നാണ് സർക്കാർ കരുതുന്നതെന്നുമായിരുന്നു ബൽറാമിന്റെ വിമർശനം.

സർക്കാർ പറഞ്ഞത് അനുസരിച്ചാൽ കേരളത്തിലെ ഒരു വാർഡിലേക്ക് ശരാശരി മൂന്ന് കിലോ സവാള മാത്രമായിരിക്കും എത്തുകയെന്നും ബൽറാം ചൂണ്ടിക്കാട്ടുന്നു. കടലിൽ കായം കലക്കുന്ന പരിപാടിയാണിതെന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പിൽ എംഎൽഎ ആരോപിച്ചത്. 

എന്നാൽ  കേരളത്തിലെ മുഴുവൻ ആളുകൾക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നത് വിഡ്ഢിത്തമാണെന്നായിരുന്നു മന്ത്രി തോമസ് ഐസകിന്റെ മറുപടി. ഇപ്പോൾ 75 ടൺ സവാള എത്തി. വില താഴ്ത്താൻ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടൺ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തിൽ നിന്നും പഠിച്ചോളൂവെന്നും മന്ത്രി പറയുന്നു. എംഎൽഎയെ പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ മറുപടി.

പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ഇടയ്ക്ക് ചിന്തിക്കണമെന്നും ഇവിടുത്തെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലിനെ പ്രതിപക്ഷത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കമ്പോള ഇടപെടൽ എന്നു പറഞ്ഞാൽ നാട്ടിൽ ആവശ്യമുള്ള മുഴുവൻ ഭക്ഷ്യസാധനങ്ങളും സർക്കാർ നേരിട്ടു വാങ്ങി നൽകൽ അല്ല. വില താഴ്ത്താൻ മാർജിനിലുള്ള ഇടപെടലാണെന്നും മന്ത്രി വിശദമാക്കി. 

ഐസകിന്റെ കുറിപ്പ്; സവാള വിലക്കയറ്റം തടയാൻ 75 ടൺ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വിൽക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലർ കളിയാക്കുന്നത് വായിച്ചു.

75 ടൺ സവാള എന്നു പറഞ്ഞാൽ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാർഡിന് ചുരുങ്ങിയത് ഒരു ടൺ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാൽ ഒരാഴ്ചത്തേയ്ക്ക് 25000 ടൺ. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്. അതായത് മാർക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യിൽ. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.

ബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയോട് ചോദിച്ചാൽ മേൽപ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവർ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാർജിനൽ ഡിമാന്റും മാർജിനൽ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കർവിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടൺ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങൽ നിർത്തുമെന്ന്?

കേരളത്തിലെ മുഴുവൻ ആളുകൾക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പല്ലേ. ഇന്ത്യയിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7 – 10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില ഉയരുന്നുണ്ട്. പക്ഷെ, കേരളത്തിൽ എന്തുകൊണ്ട് ഈ കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാൻ കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ മുഖ്യകാരണം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്. കേരളത്തിലുള്ള മുഴുവൻ ആളുകൾക്കും ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ സിവിൽ സപ്ലൈസ് വാങ്ങിക്കൊടുത്തതു കൊണ്ടല്ലല്ലോ. കമ്പോള ഇടപെടൽ എന്നു പറഞ്ഞാൽ നാട്ടിൽ ആവശ്യമുള്ള മുഴുവൻ ഭക്ഷ്യസാധനങ്ങളും സർക്കാർ നേരിട്ടു വാങ്ങി നൽകൽ അല്ല. വില താഴ്ത്താൻ മാർജിനിലുള്ള ഇടപെടലാണ്.

തൊഴിലും വരുമാനവും ഒന്നും ഇല്ലാത്ത ഇക്കാലത്ത് വിലക്കയറ്റംകൂടി ഉണ്ടായാലുള്ള സ്ഥിതി എന്താണ്? അതുകൊണ്ടാണ് പണത്തിനു വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മാസവും എല്ലാവർക്കും കിറ്റ് നൽകാൻ 100 ഇന പരിപാടിയുടെ ഭാഗമായി തീരുമാനിച്ചത്. സെപ്തംബർ മാസത്തെ കിറ്റ് വിതരണം പൂർത്തിയായി. ഒക്ടോബറിലെ വിതരണം 26 മുതൽ ആരംഭിക്കും. ഒരു പരാതി എവിടെ നിന്നെങ്കിലും ഉണ്ടായോ? ഇതിന് ജനങ്ങൾ നൽകുന്ന വലിയ അംഗീകാരം മനസ്സിലാക്കിയാണ് ഓണക്കാലത്ത് ചില പോരായ്മകൾ പർവ്വതീകരിച്ച് ഈ ഇടപെടലിനെയാകെ താറടിക്കാൻ ചിലർ ശ്രമിച്ചത്. സെപ്തംബർ മാസത്തിൽ ഇതിനുള്ള ഒരവസരവും സൃഷ്ടിച്ചില്ല.

എങ്ങനെ? ടെണ്ടറിൽ മാനുഫാക്ച്ചറേഴ്സിനെ മാത്രമേ പങ്കെടുക്കാൻ അനുവാദം നൽകിയുള്ളൂ. ഡീലേഴ്സിനെ എല്ലാം ഒഴിവാക്കി. അതോടൊപ്പം പയർ തുടങ്ങി സംസ്കരണം ആവശ്യമില്ലാത്ത ഉൽപ്പന്നങ്ങളാവട്ടെ നാഫെഡ് വഴി അഖിലേന്ത്യാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ചാണ് വാങ്ങിയത്. ഇത്തവണ ചെറുപയർ വാങ്ങിയത് രാജസ്ഥാനിൽ നിന്നാണ്. ഇതുപോലെ ഓരോ ഉൽപ്പന്നവും.

സവാള വാങ്ങിയതും നാഫെഡ് വഴിയാണ്. ഇപ്പോൾ 75 ടൺ എത്തി. വില താഴ്ത്താൻ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടൺ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തിൽ നിന്നും പഠിച്ചോളൂ.

ബൽറാമിന്റെ കുറിപ്പ്

'സവാളയുടെ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള ഒരു സംസ്ഥാന സർക്കാരിൻ്റെ നടപടിയാണിത്! മാധ്യമങ്ങളിലൂടെ മന്ത്രി അഭിമാനപൂർവ്വം പ്രസ്താവിക്കുന്ന ഗംഭീര മാർക്കറ്റ് ഇന്റർവെൻഷൻ. ചില കണക്കുകൾ കേൾക്കുമ്പോൾ ഒറ്റയടിക്ക് കണ്ണ് തള്ളിയേക്കാം. എന്നാൽ വിഷയത്തിൻ്റെ വ്യാപ്തിയും ഗൗരവ സ്വഭാവവും കൂടി മനസ്സിൽ വച്ച് വേണം ഈ കണക്കുകളെ പരിശോധിക്കാൻ. ഇവിടെ സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൊണ്ടുവരുന്ന 75 ടൺ ഉള്ളി എന്നു പറഞ്ഞാൽ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തിൽ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാർഡുകളുള്ളതിൽ ഒരു വാർഡിലേക്ക് ശരാശരി 3 കിലോ ഉള്ളി !!

ഒരു വാർഡിലുള്ളത് ഏതാണ്ട് 1500-2000 ജനസംഖ്യയാണ്. 500-600 വീടുകൾ മിനിമം ഉണ്ടാവും. ചെറിയ ഒരു കുടുംബത്തിലേക്ക് ഒരു കിലോ ഉള്ളി വാങ്ങിയാൽ നാലോ അഞ്ചോ ദിവസത്തേക്ക്, പരമാവധി ഒരാഴ്ചത്തേക്ക് ഉണ്ടാകും. ഹോട്ടലുകളുടേയും മറ്റും ആവശ്യം വേറെ.

അതായത് ഒരു ആഴ്ചയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് വാർഡിന് തന്നെ ഏതാണ്ട് ഒരു ടൺ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താൽ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടൺ വേണം. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്! അതായത് മാർക്കറ്റ് ഡിമാൻഡിൻ്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യിൽ.

മന്ത്രിമാരെപ്പോലെ വലിയ ആളുകളുടെ അവകാശവാദങ്ങൾ മാധ്യമങ്ങൾ വാർത്തയായി നൽകുമ്പോൾ അവരിലർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൻ്റെ സ്കെയിൽ കൂടി ഒന്നു പരിശോധിക്കാൻ ദയവായി തയ്യാറാവണം. ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം പഞ്ചായത്തിലേക്ക് ഈ സാഹചര്യത്തിൽ 75 ടൺ ഉള്ളി കൊണ്ടുവന്ന് വിലകുറച്ച് വിൽക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതൊരു വലിയ ഇടപെടലാണ്. (ഇത് പഞ്ചായത്തിന്റെയോ പ്രാദേശിക ജനപ്രതിനിധികളുടേയോ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല എന്നത് വേറെ കാര്യം). എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഒരു സർക്കാരിന് ഇത്ര മാത്രമാണ് ചെയ്യാൻ കഴിയുന്നത് എങ്കിൽ അത് ഒരു ഇടപെടലേ അല്ല, കടലിൽ കായം കലക്കുന്ന പ്രഹസനം മാത്രമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...