അഭിമാനത്തോടെ വിളിക്കുന്നു ‘സഖാവ്’; സർക്കാരിനെ കൊട്ടി, വിഎസിനോട് പ്രേമചന്ദ്രൻ

vs-nkp-post
SHARE

‘പ്രിയപ്പെട്ട സ:വി.എസ്, എത്ര അഭിമാനബോധത്തോടെയാണ് ഞാന്‍ അങ്ങയെ 'സഖാവ്' എന്ന് അഭിസംബോധന ചെയ്യുന്നത്..’ ഇങ്ങനെ തുടങ്ങുന്ന ആശംസാക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത് െകാല്ലം എംപി എൻ.കെ.പ്രേമചന്ദ്രനാണ്. വി.എസ് മന്ത്രിസഭയിലെ അംഗമായി പ്രവർത്തിച്ചിരുന്ന കാലവും വി.എസ് എടുക്കുന്ന നിലപാടുകളും തരുന്ന സ്വാതന്ത്ര്യങ്ങളും അടക്കം വിവരിച്ചാണ് പ്രേമചന്ദ്രന്റെ ആശംസ. 

എൽഡിഎഫ് വിട്ട് യുഡിഎഫിന്റെ ഭാഗമായതു മുതൽ പ്രേമചന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പലതവണ രാഷ്ട്രീയമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇടതുപക്ഷത്തെ രൂക്ഷമായി ആക്രമിക്കുമ്പോഴും വി.എസിനോട് മനസിൽ സൂക്ഷിക്കുന്ന ബഹുമാനവും സ്നേഹവും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ പരിതാപകരമായ അവസ്ഥ കൂടി അദ്ദേഹം കുറിപ്പിൽ എടുത്തുപറയുന്നു.

കുറിപ്പ് വായിക്കാം: 

പ്രിയപ്പെട്ട സ:വി.എസ്,

എത്ര അഭിമാനബോധത്തോടെയാണ് ഞാന്‍ അങ്ങയെ 'സഖാവ്' എന്ന് അഭിസംബോധന ചെയ്യുന്നത്. അഞ്ച് വര്‍ഷം മന്ത്രിയായി അങ്ങയുടെ മന്ത്രിസഭയില്‍ പ്രവര്‍ത്തിച്ച കാലഘട്ടം പൊതുജീവിതത്തിലെ വേറിട്ട അനുഭവമായിരുന്നു. ഇടതുപക്ഷ മൂല്യബോധമുളള സര്‍ക്കാരിന്‍റെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അങ്ങ് നല്‍കിയ നേതൃത്വം മാതൃകാപരമാണ്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പാവപ്പെട്ടവരോടും, അദ്ധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തോടും സഖാവിനുളള പ്രതിബദ്ധത മന്ത്രിസഭാ യോഗങ്ങളില്‍ നല്ലതു പോലെ ഞാന്‍ തിരിച്ചറിഞ്ഞു. പാവപ്പെട്ടവര്‍ക്ക് പ്രയാസവും ബുദ്ധിമുട്ടും അധികഭാരവും ഉണ്ടാകുന്ന നയങ്ങളും നിയമങ്ങളും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരുമ്പോള്‍ അങ്ങയുടെ അടങ്ങാത്ത ക്ഷോഭം മുഖത്ത് നിഴലിക്കുന്നത് ഞാന്‍ വായിച്ചറിഞ്ഞിട്ടുണ്ട്. അനധികൃത കയ്യേറ്റക്കാര്‍ക്കും, അധോലോക മാഫിയാസംഘത്തിനും, അഴിമതിക്കാര്‍ക്കുമെതിരെയുളള സന്ധിയില്ലാത്ത നിലപാടും തീര്‍ച്ചമുര്‍ച്ചയുളള അങ്ങയുടെ തീരുമാനവും ആ മന്ത്രിസഭയെ അഴിമതി വിമുക്തമാക്കി.

ആ മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും അങ്ങ് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. നല്ലതുപോലെ വ്യക്തിഗതമായി പെര്‍ഫോം ചെയ്യാന്‍ അവസരം നല്‍കി. ഞങ്ങള്‍ മന്ത്രിമാര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിച്ചു. എല്ലാ മന്ത്രിമാരും അവരുടെ വകുപ്പുകളില്‍ തിളങ്ങി. അങ്ങ് നല്‍കിയ സ്വാതന്ത്ര്യമായിരുന്നു പ്രധാനകാരണം. ഞങ്ങള്‍ക്ക് സ്വാതന്ത്രം നല്‍കുമ്പോഴും ജാഗ്രതയോടെയുളള അങ്ങയുടെ മേല്‍നോട്ടവും ഏകോപനവും ഒരു ടീം ആയി പ്രവര്‍ത്തിക്കാന്‍ ഞങ്ങളെ സഹായിച്ചു. അതുവഴി പൊതുസമൂഹത്തില്‍ നല്ല അംഗീകാരവും ലഭിച്ചു. അതിന്‍റെ ക്രെഡിറ്റ്, കരുത്തോടെ ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അങ്ങയുടെ രാഷ്ട്രീയ ഇച്ഛാശക്തിയായിരുന്നു.

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുളള അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങളില്‍ കേരള താത്പര്യം സംരക്ഷിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ അങ്ങ് നല്‍കിയ ഊര്‍ജ്ജം വാക്കുകളില്‍ വിവരിക്കാവുന്നതല്ല.

ഇടതുപക്ഷ രാഷ്ട്രീയ മൂല്യം കൈവിടാതെ, അന്യവര്‍ഗ്ഗ സ്വാധീനത്തിന് വിധേയമാകാതെ ഒരു ഗവണ്‍മെന്‍റിനെ നയിച്ച അങ്ങയെക്കുറിച്ച് സഖാവിന്‍റെ ജന്മനാള്‍ ദിനത്തില്‍ ഇത്രയും കുറിച്ചത് കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ പേരില്‍ ഇന്ന് അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്‍റിന്‍റെ പരിതാപകരമായ അവസ്ഥ കണ്ടിട്ടാണ്. ഒരു ഇടതുപക്ഷ - കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയില്‍ അങ്ങയുടെ മഹത്വം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിയോടെ കേരളം തിരിച്ചറിയും.

എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍

സ്നേഹപൂര്‍വ്വം

എന്‍.കെ. പ്രേമചന്ദ്രൻ

MORE IN KERALA
SHOW MORE
Loading...
Loading...