ചോറ് തട്ടിത്തെറിപ്പിച്ചു, പലകക്കടിച്ചു, ലൈറ്റർ കൊണ്ട് പൊള്ളിച്ച് ജീവനില്ലെന്ന് ഉറപ്പാക്കി

shibu-murder
SHARE

പാങ്ങോട്: പാങ്ങോട് പുലിപ്പാറ പരയ്ക്കാട് തടത്തരികത്ത് വീട്ടിൽ ഷിബു(38)വിനെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ അറസ്റ്റിലായ പാങ്ങോട് ചന്തക്കുന്ന് നൗഫിയ മൻസിലിൽ നവാസ് (40)നെ കൊല നടന്ന വീട്ടിലെത്തിച്ചു തെളിവെടുത്തു. 7ന് രാവിലെയാണ് ഷിബുവിന്റെ ശരീരം  വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാലിനു  ഒരുമിച്ചു  മദ്യപിക്കവെയുണ്ടായ വാക്കുതർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലയെന്ന് നവാസ് പറഞ്ഞു. ഷിബു നവാസിന്റെ ചോറ് തട്ടിത്തെറിപ്പിക്കുകയും പട്ടികക്കഷണം കൊണ്ടു ആക്രമിക്കുകയും ചെയ്തു.   

നവാസ് പട്ടികക്കഷണം പിടിച്ചു വാങ്ങി ഷിബുവിന്റെ തലയിൽ അടിച്ചു. അടി കൊണ്ട ആഘാതത്തിൽ നിലത്തിരുന്ന ഷിബുവിനെ കുഴവിക്കല്ലിന്റെ കഷണം എടുത്ത്  തലയ്ക്കിടിച്ചു ബോധരഹിതനാക്കി. തുടർന്നു വെട്ടുകത്തിയെടുത്തു  വെട്ടി. സിഗരറ്റ് ലൈറ്റർ കൊണ്ട് പൊള്ളിച്ച് ജീവനില്ലെന്ന് ഉറപ്പാക്കിയെന്നും നവാസ് പറഞ്ഞു. ടാർപോളിൻ,  തുണികൾ, ബാക്കിയിരുന്ന മദ്യം തുടങ്ങിയവ കൂടിയിട്ടു ഷിബുവിന്റെ ശരീരം കത്തിച്ചു. വെട്ടുകത്തി വയലിലെ കുളത്തിനു സമീപം കല്ലുകൾക്കിടയിൽ ഒളിപ്പിച്ചു.

രണ്ടു കിലോമീറ്റർ അകലെയുള്ള  വീട്ടിലെത്തി പിറ്റേദിവസം മുതൽ ജോലിക്കു പോയെന്നും നവാസ് പൊലീസിനോടു പറ‍‍ഞ്ഞു. 7നു രാവിലെ ശരീരഭാഗം നായ കടിച്ചു വഴിയിലിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഷിബുവും നവാസും ഒരുമിച്ചു വീട്ടിലെത്തുന്നത് കണ്ടുവെന്ന് നാട്ടുകാർ നൽകിയ മൊഴിയാണ് അറസ്റ്റിനു വഴിവച്ചത്.  2010ൽ സുലോചന എന്ന സ്ത്രീയെ കൊലപ്പെടുത്തി പാങ്ങോട് മന്നാനിയ ഓഡിറ്റോറിയത്തിനു സമീപത്തെ കിണറിൽ ഉപേക്ഷിച്ച കേസിൽ പ്രതിയാണ് നവാസ്.  ഈ കേസിന്റെ വിചാരണ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. വെട്ടുകത്തി കല്ലുകൾക്കിടയിൽ നിന്നു എടുത്തു പൊലീസിനു നൽകി. 

MORE IN KERALA
SHOW MORE
Loading...
Loading...