കാട്ടാനകളെ തുരുത്താൻ ഉറക്കം കളഞ്ഞ് പൊരുതി കാസർകോട്ടുകാർ; ദുരിതം

kasargod
SHARE

കാട്ടാനയെ തുരത്താന്‍ ഉറക്കംകളഞ്ഞ് പൊരുതി കാസര്‍കോട്ടുകാര്‍. ദേലംപാടി, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷമായുള്ളത്.  ഒരേസമയം നാലിടങ്ങളില്‍നിന്നാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് വരുന്നത്. 

കാസര്‍കോട്ടുകാര്‍ ഇപ്പോള്‍  ചെയ്യുന്നത്, പകല്‍ കാട്ടാന നശിപ്പിച്ച കൃഷിയുടെ കണക്കെടുപ്പ് നടത്തുകയും രാത്രി കാട്ടാനയെ തുരത്തുകയുമാണ്. ചൂട്ടോ പന്തമോ കത്തിച്ചും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ബഹളം വച്ചും അവരാല്‍ ആകുന്ന രീതിയില്‍ കാട്ടാനയെ ഓടിക്കുന്നു. കാട്ടിപ്പാറ, കൊട്ടംകുഴി, പാണൂര്‍, ചമ്പിലാംകൈ എന്നിവിടങ്ങളിലായി പതിനഞ്ചോളം ആനകളാണ് ഇപ്പോള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. സംരക്ഷിത വനവും ജനവാസ മേഖലയും ഇടതൂര്‍ന്ന് കിടക്കുന്ന, 15 കിലോമീറ്ററിനുള്ളിലായാണ് ഈ നാല് ആനക്കൂട്ടങ്ങള്‍ ഭീതി പരത്തുന്നത്. മാസങ്ങളുടെ അധ്വാനഫലം കാട്ടാനകള്‍ നശിപ്പിക്കുന്നതില്‍ നിസ്സഹായരാണ് നാട്ടുകാര്‍. 

ഉറക്കമുപേക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ കൂടെയുണ്ടെങ്കിലും പരിമിതികളില്‍ വലയുകയാണ്. ആവശ്യത്തിന് അംഗബലമില്ലാതെ ജോലിയെടുക്കേണ്ടി വരുന്നതിനാല്‍ എല്ലായിടത്തും എത്തിപ്പെടാന്‍ തന്നെ ഏറെ ബുദ്ധിമുട്ടുന്നു. കര്‍ണാടക അതിര്‍ത്തിയിലെ ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടി ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതാണ് ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങാന്‍ കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. കാട്ടാനകളെ തടയാന്‍ വേണ്ട സോളര്‍ ഫെന്‍സിങ്ങും കിടങ്ങും നിര്‍മിക്കാന്‍ ഫണ്ടില്ലാത്തതും വനംവകുപ്പിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...