ഇത് കൊലയാളി വളവ്; അപകടം പതിവ്; ഇതുവരെ പൊലിഞ്ഞത് 10 ജീവനുകള്‍

vadakara-accident-zone
SHARE

വടകര: ദേശീയപാതയിൽ കരിമ്പനപ്പാലം വളവി‍ൽ ഇന്നലെയും അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടാഴ്ച മുൻപ് ഇതേ കടകളിൽ കാർ ഇടിച്ചുകയറിയിരുന്നു. അന്നും വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇതുവരെ ഇവിടെ വിവിധ അപകടങ്ങളിൽ 10 പേർ മരിച്ചിട്ടുണ്ട്.

പകൽ ഉൾപ്പെടെ നടന്ന അപകടങ്ങളിൽ റോഡരികിൽ നിന്നവർക്കും പരുക്കേറ്റു. വളവിലുള്ള 5 കടകൾ വാഹനമിടിച്ചു തകരുന്നതു പതിവായി. നിയന്ത്രണം വിടുന്ന വാഹനങ്ങൾ നേരെ കടകളിലേക്ക് ഓടിക്കയറുകയാണ്. ഒരിക്കൽ നിയന്ത്രണം വിട്ട വാഹനം വളവിനടുത്തുള്ള റെയിൽ പാളത്തിലേക്കും കയറി. ഇതിനെല്ലാം പുറമേ കണക്കില്ലാത്തത്ര ചെറു അപകടങ്ങളും.

കരിമ്പനപ്പാലത്തിനോടു ചേർന്ന 30 മീറ്ററിനിടയിലുള്ള വീതി കുറഞ്ഞ ഭാഗമാണു പതിവ് അപകടമേഖല. വളവ് നിവർത്താൻ സ്ഥലം ഏറ്റെടുത്ത് 15 വർഷം കഴിഞ്ഞിട്ടും ഇതിനു നടപടിയില്ല. നാട്ടുകാരും കച്ചവടക്കാരും ചേർന്നു സമീപത്തെ മരങ്ങളും തെങ്ങുകളും മുറിച്ചുമാറ്റി വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ചിട്ടും റോഡ് പണി തുടങ്ങിയില്ല.

അപകടങ്ങൾ ഒഴിവാക്കന്നതിനു പൊലീസും റവന്യു വകുപ്പും ആർടിഒയും നഗരസഭയും ചേർന്നുണ്ടാക്കിയ റോഡ് സുരക്ഷാ സമിതി ആദ്യ ഘട്ടത്തിൽ സജീവമായിരുന്നെങ്കിലും ഇപ്പോൾ യോഗം പോലും ചേരുന്നില്ല. വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ താലൂക്ക് വികസന സമിതിയിൽ പ്രശ്നം അവതരിപ്പിച്ചപ്പോൾ നടപടിയെടുക്കാമെന്ന ഉറപ്പു മാത്രം കിട്ടി. അപകടങ്ങൾ ഇപ്പോഴും തുടർക്കഥ തന്നെ.

MORE IN KERALA
SHOW MORE
Loading...
Loading...