65–ാം വയസിൽ പെൻഷൻ പറ്റി; വിശ്രമ ജീവിതത്തിനിടെ മണി യാത്രയായി

elephant-pta
SHARE

കോന്നി ആനത്താവളത്തിലെ മുതിർന്ന താപ്പാന മണി (75) ചരിഞ്ഞു. ഇരണ്ടക്കെട്ടിനെ തുടർന്ന് വയറ്റിൽ നിന്നു പിണ്ടം പോകാത്ത അവസ്ഥയിൽ ആന അവശനിലയിലായിരുന്നു. 2 ആഴ്ചയായി ചികിത്സയിലായിരുന്ന ആന ഇന്നലെ അർധരാത്രിയോടെയാണു ചങ്ങലകളില്ലാത്ത ലോകത്തേക്കു യാത്രയായത്. രാവിലെ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഉളിയനാട് വനത്തിലേക്കു കൊണ്ടുപോയി.

ആനയുടെ ജഡം ക്രെയിൻ ഉപയോഗിച്ചാണ് ലോറിയിൽ കയറ്റിയത്. വനത്തിൽ എത്തിച്ച് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരിച്ചു. വനംവകുപ്പിന്റെ പെൻഷൻ പറ്റിയ ആനകളിലൊന്നാണ് മണി. 1964 കാലഘട്ടത്തിൽ തേക്കുതോട് വനത്തിൽ നിന്നു പിടിച്ച കൊമ്പനായിരുന്നു മണി. ആനത്താവളത്തിലെത്തിച്ച് പരിശീലനം നൽകി താപ്പാനയാക്കുകയയായിരുന്നു.

പിന്നീട് ആര്യങ്കാവിലും കോടനാട്ടും കോട്ടൂരും ആനക്യാംപിൽ സേവനം അനുഷ്ഠിച്ചു. 65–ാമത്തെ വയസ്സിൽ പെൻഷൻ ആയതിനെ തുടർന്ന് കോട്ടൂർ ആനത്താവളത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സുരേന്ദ്രൻ എന്ന കൊമ്പനെ കുങ്കിയാന പരിശീലനത്തിനു തമിഴ്നാട്ടിലെ മുതുമലയിലേക്കു കൊണ്ടുപോയപ്പോൾ പകരം മണിയെ കോന്നിയിലെത്തിക്കുകയായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...